തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച്‌ മരിച്ച കേസിൽ ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കാത്തതിലെ പ്രതിഷേധം ചൂണ്ടിക്കാട്ടി നിയമസഭയിൽ പി.സി. വിഷ്ണുനാഥ് സംസാരിക്കുമ്പോൾ ഉദ്യോഗസ്ഥ ഗാലറിയിൽ കേസിലെ ഒന്നാംപ്രതിയും ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമന്റെ സാന്നിധ്യം. ബഷീർ മരിച്ച് രണ്ടുവർഷം തികയുന്ന ദിവസം ഓർമിപ്പിച്ചാണ് വിഷ്ണുനാഥ് ധനാഭ്യർഥന ചർച്ചയ്ക്കിടെ വിഷയമുന്നയിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് ജന്മദിനാശംസകൾ നേർന്ന് കെ.ടി. ജലീൽ സംസാരിച്ചതിനുപിന്നാലെയാണ് ഇത്.

ആരോഗ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേരുന്നവർ ബഷീറിന്റെ മരണത്തിന് രണ്ടുവർഷമായെന്നതുകൂടി ഓർക്കണമെന്ന് പറഞ്ഞായിരുന്നു വിഷ്ണുനാഥിന്റെ പരാമർശം. സഭയുടെ പ്രസ് ഗാലറിയിൽ സുസ്മേരവദനനായി ഇരിക്കേണ്ടയാളായിരുന്നു ബഷീർ. എന്നാൽ, ബഷീർ ഇന്ന് ഗാലറിയിൽ ഇല്ലെങ്കിലും അദ്ദേഹത്തെ കാറിടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ആരോഗ്യവകുപ്പിൽ ഉന്നതസ്ഥാനം നൽകിയതിനാൽ അദ്ദേഹം ഇപ്പോഴും സർവീസിലുണ്ട്. ഇവിടെ റിപ്പോർട്ടിങ്ങിനെത്തുന്ന ബഷീറിനെ ചിരിച്ച മുഖത്തോടെയല്ലാതെ ഞങ്ങളാരും കണ്ടിട്ടില്ല. അപകടം നടന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും ബഷീറിന്റെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്ന കാര്യം ഓർമിപ്പിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു. മന്ത്രി വീണയുടെ മറുപടിപ്രസംഗത്തിൽ ഇതേക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടായില്ല.