വണ്ടൂർ: വേഷപ്പകർച്ചകളെ സൂക്ഷ്മവും സുന്ദരവുമായി അരങ്ങിലെത്തിച്ച വാസുദേവൻ നമ്പൂതിരി ഇനി ഓർമ. അന്തരിച്ച കഥകളിനടൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വണ്ടൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയും പ്രിയസുഹൃത്തിന് ആദരാഞ്ജലികൾ നേരാൻ നെല്ലിയോട് മനയിലെത്തി.

ചെറുപ്പകാലം മുതലുള്ള സുഹൃദ്ബന്ധമാണ് വാസുദേവൻ നമ്പൂതിരിയുമായി ഉണ്ടായിരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. വെറുമൊരു കഥകളിനടൻ മാത്രമായിരുന്നില്ല വാസുദേവൻ നമ്പൂതിരി. കഥകളിയെക്കുറിച്ച് ആഴത്തിൽ അറിവുള്ളയാളും കവിയും എഴുത്തുകാരനും കൂടിയായിരുന്നു. അഞ്ചുവർഷം മുൻപാണ് അവസാനമായി നേരിൽ കണ്ടതെന്നും കൈതപ്രം പറഞ്ഞു.

ആദികളയിടം കേശവൻ നമ്പൂതിരി ശവസംസ്‌കാര ചടങ്ങുകൾക്ക് കാർമികത്വംവഹിച്ചു. മകൻ വിഷ്ണു നെല്ലിയോട് ചിതയ്ക്ക് തീ കൊളുത്തി.