കൊച്ചി: പ്രതിരോധകുത്തിവെപ്പെടുത്ത ശേഷം കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് ആരോഗ്യവകുപ്പ് ശേഖരിക്കുന്നു. ഒന്നാം ഡോസ് സ്വീകരിച്ച ശേഷമുണ്ടായ കോവിഡ് മരണങ്ങളും രണ്ടാംഡോസ് സ്വീകരിച്ച ശേഷമുണ്ടായ കോവിഡ് മരണങ്ങളുമാണ് ശേഖരിക്കുന്നത്. പകർച്ചവ്യാധി നിയന്ത്രണവിഭാഗം കോ-ഓർഡിനേറ്റർമാർ മെഡിക്കൽ കോളേജ് തലത്തിലാണ് വിവരശേഖരണം നടത്തുന്നത്. ഇവർ ആരോഗ്യവകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും. ഐ.സി.എം.ആർ. നിർദേശപ്രകാരമാണിത്.

വാക്സിനെടുത്തശേഷം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം, ഏതെല്ലാം രീതിയിൽ വാക്സിൻ ഫലവത്തായി തുടങ്ങിയവ കണ്ടെത്താനുള്ള പഠനത്തിന് കണക്കെടുപ്പ് സഹായിക്കും. വാക്സിനെടുത്തവരിലെയും എടുക്കാത്തവരിലെയും മരണനിരക്ക് കണ്ടെത്താനും സാധിക്കും. ആദ്യ ഡോസ് സ്വീകരിച്ചവരിലെയും രണ്ടാം ഡോസ് സ്വീകരിച്ചവരിലെയും രോഗമുക്തി എത്രയെന്ന കണക്ക് പ്രത്യേകം തയ്യാറാക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. മേയ്-ജൂലായ് മാസങ്ങളിലെ കണക്കാണ് ശേഖരിക്കുന്നത്.