കൊല്ലം : തേവള്ളിയിലെ മിൽമ കൊല്ലം ഡെയറിയിൽ ഡ്രൈവർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവിലേക്ക് അഭിമുഖത്തിനായി എത്തി മണിക്കൂറുകൾ കാത്തുനിന്നത് ആയിരങ്ങൾ. ഒരു ഒഴിവാണ് ഉണ്ടായിരുന്നതെങ്കിലും ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിൽ ഇത് വ്യക്തമാക്കിയിരുന്നില്ല. ഇതാണ് വലിയ തിരക്കിനിടയാക്കിയത്.

ഉദ്യോഗാർഥികൾ ചൊവ്വാഴ്ച രാവിലെ 10-നും 11-നുമിടയിൽ സർട്ടിഫിക്കറ്റുകളുമായി തേവള്ളിയിലെ ഓഫീസിലെത്തണമെന്നായിരുന്നു നിർദേശം. ഒൻപതുമണിമുതൽ ഇതര ജില്ലകളിൽനിന്നുപോലും നിരവധിപേർ ഓഫീസിനു മുന്നിലെത്തിയിരുന്നു. വിദേശത്തുനിന്ന്‌ ജോലി നഷ്ടമായി എത്തിയവരും കോവിഡ് പ്രതിസന്ധിയിൽ തൊഴിൽരഹിതരായവരുമായിരുന്നു ഏറെയും. ഇവിടെയെത്തിയതിനുശേഷമാണ് ഒരു ഒഴിവിലേക്കാണ് നിയമനമെന്നറിയുന്നത്. പിന്നെയും ഉദ്യോഗാർഥികൾ എത്തിക്കൊണ്ടേയിരുന്നു. കാത്തുനിന്നു മടുത്ത പലരും തിരികെപ്പോയി. റോഡ് നിറഞ്ഞ് പുറത്തേക്കും ഉദ്യോഗാർഥികളുടെ നിര നീണ്ടു.

ഈ സമയത്തൊന്നും സാമൂഹിക അകലമുൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഇടപെടലുകളൊന്നുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പാടുപെട്ടു.

ഒടുവിൽ നിരയിൽ മുൻപിലുണ്ടായിരുന്ന മൂന്നൂറോളം പേരെ അഭിമുഖത്തിനായി പ്രവേശിപ്പിച്ച് മറ്റുള്ളവർക്ക് ടോക്കൺ നൽകി മറ്റൊരു ദിവസം എത്താൻ അറിയിക്കുകയായിരുന്നു. അഭിമുഖത്തിനായി ഓഫീസിലേക്ക് പ്രവേശിപ്പിച്ചവരിൽനിന്ന് ബയോഡേറ്റ പോലും വാങ്ങിയില്ലെന്നും പേരും ഫോൺ നമ്പരും വാങ്ങി തിരികെ വിടുകയായിരുന്നെന്നുമാണ് ഉദ്യോഗാർഥികൾ പറയുന്നത്. മണിക്കൂറുകൾ കാത്തുനിന്ന ഉദ്യോഗാർഥികൾ പലരും ഗേറ്റിനുമുന്നിൽ പ്രതിഷേധമറിയിച്ചാണ് മടങ്ങിയത്.