കണ്ണൂർ: ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയാകുന്ന സാഹചര്യത്തിൽ പാചകാവശ്യത്തിന് പൈപ്പ് വഴി പ്രകൃതിവാതകം വീടുകളിൽ എത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതി വേഗത്തിലാക്കാൻ ശ്രമം തുടങ്ങി. കണ്ണൂർ, കാസർകോട്, മയ്യഴി മേഖലയിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണസംവിധാനം ഡിസംബറിൽ പ്രവർത്തനക്ഷമമാവും. വീടുകളിലേക്ക് എം.ഡി.പി. പൈപ്പുകളിലൂടെയാണ് പ്രകൃതിവാതകം എത്തിക്കുക.
ആദ്യഘട്ടത്തിൽ കൂടാളി കേന്ദ്രീകരിച്ച് മുണ്ടേരി, അഞ്ചരക്കണ്ടി, കൂടാളി പഞ്ചായത്തുകളിലാണ് വീടുകളിൽ പ്രകൃതിവാതകം എത്തിക്കുക. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് കാഞ്ഞങ്ങാട് മുനിസിപ്പൽപ്രദേശം, അജാനൂർ പഞ്ചായത്ത് എന്നിവിടങ്ങളിലും വീടുകളിൽ പാചകവാതകം പൈപ്പിലൂടെ എത്തിക്കും. അമ്പലത്തറയിലെ ഗെയ്ൽ സ്റ്റേഷനിൽനിന്നാണ് കാഞ്ഞങ്ങാട്ടെ സിറ്റി ഗ്യാസ് സ്റ്റേഷനിൽ പ്രകൃതിവാതകം എത്തിക്കുക. ഗെയ്ൽ സ്റ്റേഷനിൽനിന്നെത്തിക്കുന്ന പ്രകൃതിവാതകം മർദംകൂട്ടി സി.എൻ.ജി. പമ്പുകളിലേക്കും മർദം കുറച്ച് പാചകാവശ്യത്തിനും നൽകുകയാണ് ചെയ്യുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അദാനി ഗ്യാസും ചേർന്നുള്ള സംയുക്തസംരംഭമാണ് സിറ്റി ഗ്യാസ്.
മഴ മാറണം
മഴ മാറിയാലേ വിതരണ പൈപ്പുകളിടാനാവൂ എന്നതിനാലാണ് വിതരണം തുടങ്ങുന്നത് ഡിസംബറിലേക്ക് നീളുന്നത്. കൂടാളിയിലെ ഗെയ്ൽ സ്റ്റേഷനിൽനിന്ന് ചാലോട് വരെയും അവിടെനിന്ന് മേലെചൊവ്വവരെയുമാണ് ആദ്യം സ്റ്റീൽ പൈപ്പിടുക. തുടർന്ന് മേലെചൊവ്വയിൽനിന്ന് തലശ്ശേരിയിലേക്കും കണ്ണൂരിലേക്കും പൈപ്പിടും. ചില സ്ഥലങ്ങളിൽ റോഡിൽ കുഴിയെടുക്കേണ്ടിവരുമെന്നതിനാൽ മഴ തീരാതെ പണി തുടങ്ങാനാവില്ല.
ആദ്യ സി.എൻ.ജി. സ്റ്റേഷൻ കണ്ണൂരിൽ
വാഹനങ്ങൾക്കുള്ള സി.എൻ.ജി. (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) വിതരണത്തിനുള്ള സ്റ്റേഷനുകളും വൈകാതെ ആരംഭിക്കും. കണ്ണൂർ സെൻട്രൽ ജയിൽവക സ്ഥലത്ത് ജയിൽവകുപ്പും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചേർന്ന് നടത്തുന്ന പെട്രോൾപമ്പിലാകും ആദ്യത്തെ സി.എൻ.ജി. സ്റ്റേഷൻ. തുടർന്ന് തലശ്ശേരി, മാഹി, തളിപ്പറമ്പ്, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് നഗരങ്ങളിലുൾപ്പെടെ 15 സി.എൻ.ജി. സ്റ്റേഷനുകൾ ഈ വർഷം തന്നെ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിറ്റി ഗ്യാസ് അധികൃതർ പറഞ്ഞു. ഉത്തരകേരളത്തിൽ എട്ടുവർഷംകൊണ്ട് 125 സ്റ്റേഷനുകൾ തുറക്കാനാണ് പദ്ധതി. നിലവിലുള്ള പെട്രോൾപമ്പുകളിൽ സി.എൻ.ജി. സ്റ്റേഷൻകൂടി സ്ഥാപിക്കുകയുമാവാം.