തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും കോൺഗ്രസിനും ആത്മവിശ്വാസം ഇരട്ടിയായെന്നും സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ ജനം തള്ളിയെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനങ്ങളിൽനിന്ന്‌ അകന്നുപോയ സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വാക്കും പ്രവൃത്തിയും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ജനക്ഷേമപ്രവർത്തനങ്ങളെക്കാൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താത്പര്യം ആഡംബരത്തിലും ധൂർത്തിലുമാണ്. സ്വർണക്കടത്തിന് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിന്നത് രാജ്യചരിത്രത്തിലാദ്യമാണ്. കോവിഡ് കാലത്തുപോലും അഴിമതിയിൽ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധ. ഡേറ്റാകച്ചവടവും ആഴക്കടൽ മത്സ്യബന്ധനക്കരാറും അദാനിയിൽനിന്ന്‌ വൈദ്യുതിവാങ്ങാനുള്ള കരാറും അഴിമതി നിറഞ്ഞതാണ്.

ഈ ഇടപാടുകളിലെ ക്രമക്കേട് പ്രതിപക്ഷം കൈയോടെ പിടികൂടിയപ്പോൾ വ്യക്തമായ വിശദീകരണം നൽകാൻപോലും മുഖ്യമന്ത്രി തയ്യാറായില്ല. സ്വന്തക്കാരെയും ബന്ധുക്കളെയും പാർട്ടി അനുഭാവികളെയും സർക്കാർജോലിയിൽ പിൻവാതിൽവഴി തിരുകിക്കയറ്റി. ആരോഗ്യമേഖലയെ തകർത്തെറിഞ്ഞു.

മനുഷ്യനിർമിതപ്രളയത്തിൽ ജനങ്ങളെ മുക്കിക്കൊന്ന സർക്കാരാണിത്. ഒന്നുംപറയാൻ കഴിയാതെ സി.പി.എമ്മുമായുള്ള രഹസ്യബന്ധം ഒരിക്കൽക്കൂടി ഉറപ്പിക്കുന്ന തരത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗവും ശരീരഭാഷയുമെല്ലാം. ഇതിനെല്ലാം എതിരായ ജനവിധിയാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.