: കൊറോണ വൈറസിന്റെ വ്യാപനത്തോടെയാണ് സാധാരണ ജനം ക്വാറന്റൈൻ, ഐസൊലേഷൻ തുടങ്ങിയ പദങ്ങൾ കേട്ടുതുടങ്ങിയത്. എന്നാൽ മാസങ്ങളോ വർഷങ്ങൾതന്നെയോ ഐസൊലേഷൻ ശീലമാക്കിയ ഒരു വിഭാഗമുണ്ട്. ബഹിരാകാശസഞ്ചാരികൾ. ഇവർ ആറുമാസംമുതൽ മൂന്നുവർഷംവരെ ബഹിരാകാശകേന്ദ്രങ്ങളിൽ താമസിക്കുന്നു. പലപ്പോഴും ഒറ്റയ്ക്ക്. ബഹിരാകാശത്തെ ഈ ഏകാന്തവാസം ഒരുതരത്തിലുള്ള ഐസൊലേഷനോ ക്വാറന്റൈനോ ആണ്.

രോഗംകാരണമല്ല, പഠന-പര്യവേക്ഷണങ്ങൾക്കാണെന്നുമാത്രം. കൊറോണ കാരണം ലോകത്താകെ ക്വാറെെന്റനിലോ ഐസൊലേഷനിലോ കഴിയുന്നവർക്ക് ആത്മവിശ്വാസം പകരാൻ ബഹിരാകാശസഞ്ചാരികളോട് ഏകാന്തവാസത്തിൻറെ അനുഭവങ്ങൾ പങ്കുവെക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നിർദേശിച്ചിരിക്കുകയാണ്.

ഒട്ടേറെ ബഹിരാകാശസഞ്ചാരികളാണ് ഇതിനോട് പ്രതികരിച്ചത്. യൂറോപ്യൻ ബഹിരാകാശ ഏജൻസി സഞ്ചാരിയായിരുന്ന ടിം പീക് 2015 മുതൽ 2016 വരെ 186 ദിവസം ബഹിരാകാശത്ത് തനിച്ചുകഴിഞ്ഞതിൻറെ അനുഭവങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. ഈ ’ഐസൊലേഷൻ’ കാലത്ത് ദിനചര്യകളും ശീലങ്ങളുമായിരുന്നു തന്റെ കൂട്ടുകാരെന്ന് അദ്ദേഹം പറയുന്നു. അസാധാരണസംഭവത്തെ സാധാരണസംഭവമായി കണക്കാക്കിയാൽ എല്ലാപ്രയാസവും തീരും. പ്രയാസമനുഭവപ്പെട്ടാൽ സ്വന്തംവീട്ടിൽത്തന്നെയാണെന്ന് മനസ്സിനെ പഠിപ്പിക്കും. അദ്ദേഹം പറയുന്നു. ബഹിരാകാശകേന്ദ്രത്തിൽ താമസിച്ചിരുന്നപ്പോൾ പീക്ക് ഭക്ഷണം, ജോലി, വ്യായാമം തുടങ്ങിയവയ്‌ക്കെല്ലാം സമയം നിശ്ചയിച്ചിരുന്നു. പതിയെ ഈ സമയക്രമം ദിനചര്യയായിത്തീർന്നു. സമയത്തിന്മേൽ നിയന്ത്രണം ലഭിച്ചു. ഇത് തനിക്ക് നല്ലൊരു മാനസികാവസ്ഥയാണ് സമ്മാനിച്ചതെന്ന് അദ്ദേഹം കുറിക്കുന്നു.