മയ്യഴി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ 30 അസംബ്ലി മണ്ഡലങ്ങളിലൊന്നായ മാഹി നിയോജക മണ്ഡലത്തിൽ ഐക്യ മതേതര പുരോഗമനസഖ്യം സ്ഥാനാർഥി രമേശ് പറമ്പത്ത് 300 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തൊട്ടടുത്ത എതിർസ്ഥാനാർഥി ഇടതുപിന്തുണയുള്ള സ്വതന്ത്രൻ എൻ. ഹരിദാസിനെയാണ് മാഹി മുൻ നഗരസഭാ ചെയർമാനും മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ രമേശ് പറമ്പത്ത് പരാജയപ്പെടുത്തിയത്.

തപാൽവോട്ടടക്കം ആകെ പോൾ ചെയ്തത് 23,408 വോട്ട്, രമേശ് പറമ്പത്തിന് 284 തപാൽവോട്ടുകളുൾപ്പെടെ 9744 വോട്ട്‌ ലഭിച്ചപ്പോൾ എൻ. ഹരിദാസന് 204 തപാൽവോട്ടടക്കം 9444 വോട്ടാണ് ലഭിച്ചത്. എൻ.ഡി.എ. സ്ഥാനാർഥി എൻ.ആർ. കോൺഗ്രസിന്റെ വി.പി. അബ്ദുൾ റഹ്‌മാന് 56 തപാൽവോട്ടുകളടക്കം 3532 വോട്ട്‌ ലഭിച്ചു. എസ്.ഡി.പി.ഐ. സ്ഥാനാർഥി സി.കെ. ഉമ്മറിന് 319, ഡി.എം.ഡി.കെ. സ്ഥാനാർഥി ജാനകിക്ക് 86, സ്വതന്ത്രസ്ഥാനാർഥി ശരത്ത് ഉണ്ണിത്താന് 62 എന്നിങ്ങനെയാണ് വോട്ട്‌ ലഭിച്ചത്.

26 വർഷം തുടർച്ചയായി കോൺഗ്രസ് നിലനിർത്തിയ മാഹി മണ്ഡലം 2016-ലെ തിരഞ്ഞെടുപ്പിൽ ഇടതുപിന്തുണയുള്ള സ്വതന്ത്രൻ ഡോ. വി. രാമചന്ദ്രൻ പിടിച്ചെടുക്കുകയായിരുന്നു. 2139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്‌ നേതാവും മുൻമന്ത്രിയുമായ ഇ. വത്സരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്.

മാറ്റത്തിനുവേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും പുതുച്ചേരിയിൽ കോൺഗ്രസ്‌ ഭരണം അട്ടിമറിച്ചവർക്കെതിരായ വിധിയെഴുത്താണിതെന്നും രമേശ് പറമ്പത്ത് പറഞ്ഞു. മുൻഗണനാക്രമത്തിൽ വികസനപദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞതവണ ചില തെറ്റിദ്ധാരണങ്ങളുടെ പേരിൽ മാഹി നഷ്ടപ്പെടുകയായിരുന്നുവെന്നും അത് രമേശ് പറമ്പത്തിലൂടെ പിടിച്ചെടുക്കാനായത് ചരിത്രനേട്ടമാണെന്നും മുൻ മന്ത്രി ഇ. വത്സരാജ് പറഞ്ഞു.

ആകെ വോട്ട്-31,066

പോൾ ചെയ്തത്-23,408

രമേശ് പറമ്പത്ത് (ഐക്യ മതേതര പുരോഗമന സഖ്യം)-9744

എൻ. ഹരിദാസൻ (ഇടത് പിന്തുണയുള്ള സ്വതന്ത്രൻ)-9444

വി.പി. അബ്ദുൾ റഹ്‌മാൻ (എൻ.ഡി.എ.)-3532

സി.കെ. ഉമ്മർ (എസ്.ഡി.പി.ഐ.)-319

ജാനകി (ഡി.എം.ഡി.കെ.)- 86

ശരത്ത് ഉണ്ണിത്താൻ (സ്വതന്ത്രൻ)-62

ഭൂരിപക്ഷം-300