ആലപ്പുഴ: യു.ഡി.എഫിന്റെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽപ്പറത്തി ആലപ്പുഴ ജില്ല വീണ്ടും ചുവന്നു. ഒൻപതിൽ എട്ടുസീറ്റും എൽ.ഡി.എഫ്. നിലനിർത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് ജയിച്ചതുമാത്രമാണ് യു.ഡി.എഫിന് ആശ്വസിക്കാനുള്ളത്.

കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, അമ്പലപ്പുഴ, ആലപ്പുഴ, കുട്ടനാട്, ചേർത്തല, അരൂർ മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ്. ജയിച്ചത്. ചേർത്തല (സി.പി.ഐ.), കുട്ടനാട് (എൻ.സി.പി.) എന്നിവയൊഴിച്ചാൽ ബാക്കിയെല്ലാ സീറ്റുകളും സി.പി.എമ്മിനാണ്. ചെങ്ങന്നൂരിൽ സിറ്റിങ് എം.എൽ.എ. സജി ചെറിയാൻ 31,984 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ് നേടിയത്. ജില്ലയിലെ ഏറ്റവുമുയർന്ന ഭൂരിപക്ഷമാണിത്. മാവേലിക്കരയിൽ ഡി.വൈ.എഫ്.ഐ.നേതാവ് എം.എസ്. അരുൺകുമാറിന്റെ ഭൂരിപക്ഷവും 25,000 കടന്നു. ഏറ്റവും കടുത്ത മത്സരം നടന്നത് കായംകുളത്താണ്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരെത്തി നടത്തിയ പ്രചാരണം കോൺഗ്രസ് സ്ഥാനാർഥി അരിതാ ബാബുവിനു ഗുണംചെയ്യുമെന്ന് യു.ഡി.എഫ്. പ്രതീക്ഷിച്ചെങ്കിലും സിറ്റിങ് എം.എൽ.എ. യു. പ്രതിഭയുടെ ഭൂരിപക്ഷം കുറയ്ക്കാനേ സാധിച്ചുള്ളൂ.

ഒൻപതിൽ നാലു സീറ്റെങ്കിലും ഉറപ്പായും കിട്ടുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷിച്ചിരുന്നത്. എൽ.ഡി.എഫ്.നേതാക്കൾപോലും ആറു സീറ്റാണ് പൊതുവേ പ്രതീക്ഷിച്ചിരുന്നത്.

ഉപതിരഞ്ഞെടുപ്പിലൂടെ നഷ്ടപ്പെട്ട അരൂർ മണ്ഡലം എൽ.ഡി.എഫ്. തിരിച്ചുപിടിച്ചു. ഇതിനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ദലീമയെയാണ് സി.പി.എം. രംഗത്തിറക്കിയത്. മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും മാറിയതിനാൽ അവരുടെ സീറ്റുകളായ അമ്പലപ്പുഴ, ആലപ്പുഴ എന്നിവ നേടാമെന്ന് യു.ഡി.എഫ്. കരുതിയിരുന്നു. രണ്ടിടത്തും ഭൂരിപക്ഷം കുറയ്ക്കാൻ മാത്രമേ അവർക്കു കഴിഞ്ഞുള്ളൂ. പരേതനായ മുൻമന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് കുട്ടനാട് മണ്ഡലം നിലനിർത്തി. ചേർത്തലയിൽ സി.പി.ഐ. മന്ത്രി പി. തിലോത്തമനു പകരക്കാരനായി ഇറങ്ങിയ പി. പ്രസാദും വിജയംവരിച്ചു.

ജില്ലയിൽ എൻ.ഡി.എ.യ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 34,493 വോട്ടുനേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഴിഞ്ഞതവണ 33,000-ഓളം വോട്ടുകിട്ടിയ കുട്ടനാട്ടിൽ ഇത്തവണ 15,000-ഓളം വോട്ടേ ലഭിച്ചുള്ളൂ. മാവേലിക്കരയിലും 30,000 കടക്കാൻ സ്ഥാനാർഥി കെ. സഞ്ചുവിനു കഴിഞ്ഞില്ല.