തിരുവനന്തപുരം: തലസ്ഥാനത്ത് ചരിത്രംകുറിച്ച് 14-ൽ 13 സീറ്റിലും വിജയിച്ച് ഇടതുമുന്നണിയുടെ തേരോട്ടം. തലസ്ഥാനം പിടിച്ചാൽ സംസ്ഥാനം പിടിക്കാമെന്ന ചൊല്ല് അന്വർഥമാക്കിയാണ് ഇത്തവണയും ഇടതുമുന്നണിയുടെ നേട്ടം.

11 സിറ്റിങ് സീറ്റുകൾ നിലനിർത്തിയതോടൊപ്പം കോൺഗ്രസിന്റെ ഒരു സീറ്റും ബി.ജെ.പി.യുടെ സംസ്ഥാനത്തെ ഏക സീറ്റും പിടിച്ചെടുക്കാനും എൽ.ഡി.എഫിനായി. തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ നിലനിർത്തിയ അധീശത്വം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാനും മുന്നണിക്കു കഴിഞ്ഞു. 2016-ൽ 10 സീറ്റ് നേടിയ മുന്നണി 2019-ലെ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലും വിജയിച്ച് നിയമസഭയിലെ അംഗബലം 11 ആക്കിയിരുന്നു. അതിൽനിന്ന്‌ രണ്ട് സീറ്റുകൾ കൂടുതൽ നേടി തിളക്കമാർന്ന വിജയമാണ് സ്വന്തമാക്കിയത്.

ഇടതുമുന്നണിയുടെ ശക്തമായ കുതിപ്പിൽ കെ.മുരളീധരൻ, വി.എസ്.ശിവകുമാർ, കെ.എസ്. ശബരീനാഥൻ, കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, വി.വി.രാജേഷ് തുടങ്ങിയ പ്രതിപക്ഷ കക്ഷികളിലെ പ്രമുഖ നേതാക്കൾക്ക് അടിതെറ്റി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.ശശി തുടങ്ങിയ ഭരണപക്ഷത്തെ പ്രമുഖരെല്ലാം മികച്ച വിജയമാണ് നേടിയത്. കോവളം മണ്ഡലത്തിൽ നിലവിലെ എം.എൽ.എ. എം.വിൻസെന്റിന്റെ വിജയം മാത്രമാണ് ജില്ലയിൽ യു.ഡി.എഫിന് ഏക ആശ്വാസം. ജനതാദൾ(എസ്) നേതാവും മുൻ മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാരാണ് ഇവിടെ പരാജയപ്പെട്ടത്.

അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് ഏറെ പ്രചാരണം നടത്തിയ നേമത്തും കഴക്കൂട്ടത്തും വിജയം ഇടതുമുന്നണിക്കൊപ്പം നിന്നു. ത്രികോണമത്സരം നടന്ന നേമത്ത് കുമ്മനം രാജശേഖരനെ അയ്യായിരത്തിലധികം വോട്ടിനു പരാജയപ്പെടുത്താൻ വി.ശിവൻകുട്ടിക്കു കഴിഞ്ഞത് മുന്നണിക്ക് രാഷ്ട്രീയനേട്ടമായി. ദേവസ്വം മന്ത്രിയെ പ്രതിസ്ഥാനത്തു നിർത്തി ശബരിമല പ്രധാന തിരഞ്ഞെടുപ്പുവിഷയമായി ഉയർത്തിക്കാട്ടിയ കഴക്കൂട്ടത്ത്, മന്ത്രി കടകംപള്ളി സുരേന്ദ്രൻ 20000-ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി.യിലെ ശോഭാ സുരേന്ദ്രനെ തോൽപ്പിച്ചത്. കഴക്കൂട്ടത്തും നേമത്തും വട്ടിയൂർക്കാവിലും ആറ്റിങ്ങലിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.