കാസർകോട്: അഞ്ച് മണ്ഡലങ്ങളിൽ തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഉദുമയും ഇടതിനൊപ്പവും കാസർകോടും മഞ്ചേശ്വരവും വലതിനൊപ്പവുമെന്ന ജനമനസ്സിന്റെ തനിയാവർത്തനമാണ് ഇക്കുറിയും നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ തെളിഞ്ഞത്. മഞ്ചേശ്വരത്ത് താമര വിരിയിക്കാനുള്ള എൻ.ഡി.എ.യുടെ ശ്രമം ഇത്തവണയും വേരുപിടിച്ചില്ല.

മഞ്ചേശ്വരം നിയമസഭയിലേക്ക് ജയിപ്പിച്ചയച്ചത് നാട്ടുകാരനായ എ.കെ.എം. അഷ്റഫിനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 89 വോട്ടിന്റെ പരാജയചരിത്രം മാറ്റിക്കുറിക്കാൻ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അരയും തലയും മുറുക്കിയിറങ്ങിയെങ്കിലും മനസ്സുമാറ്റാൻ മണ്ഡലം തയ്യാറായില്ല.

കാസർകോട് എൻ.എ. നെല്ലിക്കുന്നിന് മിന്നുന്ന മൂന്നാമൂഴം നൽകി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും ഫലമുണ്ടായില്ല. ഉദുമയിൽ അട്ടിമറി പ്രതീക്ഷിച്ചിരുന്നെങ്കിലും നാട്ടുകാരനായ സി.എച്ച്. കുഞ്ഞമ്പു മികച്ച ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ തുടക്കം മുതലേ മുന്നേറിയെങ്കിലും ചുവന്നമണ്ണിലെ ഉറച്ച വോട്ടുകൾ കുഞ്ഞമ്പുവിനെ പിന്തുണച്ചു.

റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ മൂന്നാമതും കാഞ്ഞങ്ങാട് മാന്യമായ ഭൂരിപക്ഷത്തോടെ നെഞ്ചേറ്റി. ഡി.സി.സി. സെക്രട്ടറി പി.വി. സുരേഷിന്റെ യുവത്വം തുളുമ്പിയ പ്രവർത്തനങ്ങൾക്ക് ചന്ദ്രശേഖരനെ കാര്യമായി ബുദ്ധിമുട്ടിക്കാനായില്ല. തൃക്കരിപ്പൂരിൽ സിറ്റിങ് എം.എൽ.എ. എം. രാജഗോപാലൻ നല്ല ഭൂരിപക്ഷത്തോടെയാണ് വീണ്ടും നിയമസഭയിലേക്കെത്തുന്നത്. കേരളാ കോൺഗ്രസ് സ്ഥാനാർഥി എം.പി. ജോസഫിന് ഒരുവേള മത്സരം കടുപ്പിക്കാനായെങ്കിലും ഇടതുകോട്ട തകർക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല.

കാസർകോടിന്റെ എം.എൽ.എ.മാർ

മഞ്ചേശ്വരം-എ.കെ.എം. അഷ്റഫ്

കാസർകോട്-എൻ.എ. നെല്ലിക്കുന്ന്

ഉദുമ-സി.എച്ച്. കുഞ്ഞമ്പു

കാഞ്ഞങ്ങാട്-ഇ. ചന്ദ്രശേഖരൻ

തൃക്കരിപ്പൂർ-എം. രാജഗോപാലൻ