പത്തനംതിട്ട: തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ ആദ്യവസാനം കാത്തുസൂക്ഷിച്ച മണ്ഡലമായി റാന്നി. വോട്ടെണ്ണൽ ദിനത്തിന്റെ അവസാന മണിക്കൂറുകളിൽവരെ ഈ പിരിമുറുക്കം നിലനിന്നു. കാൽനൂറ്റാണ്ടുകാലം റാന്നിയെ ഇടതുപക്ഷത്ത് ചേർത്തുനിർത്തിയ രാജു ഏബ്രഹാം മത്സരരംഗത്തിറങ്ങാത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ.

സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് കേരള കോൺഗ്രസ് എമ്മിന് കൈമാറിയതിൽ മണ്ഡലത്തിൽ മുറുമുറുപ്പുയർന്നിരുന്നു. ആലപ്പുഴ ജില്ലയിലെ കുടശ്ശനാടുകാരനായ പ്രമോദ് നാരായൺ ഇടതിനായി റാന്നിയിൽ മത്സരിക്കാനെത്തിയപ്പോൾ നേരിട്ട പ്രതിസന്ധികളും അനവധി. മണ്ഡലത്തിന് അപരിചിതനായ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാലും അതിശയിക്കേണ്ടതില്ലെന്ന പരിഹാസവും ചില കോണുകളിലുയർന്നു.

25 വർഷം ചെങ്കൊടിത്തണലിൽ നിലനിർത്തിയ സീറ്റ് നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടായാൽ പ്രമോദിന്റെ രാഷ്ട്രീയഭാവിക്കും ഗുണകരമല്ലെന്ന വിലയിരുത്തലുമുണ്ടായി. ശബരിമല സ്ഥിതിചെയ്യുന്ന മണ്ഡലം കൂടിയാണ് റാന്നി.

ഇടത്തോട്ട്‌ ചാഞ്ഞുനിന്ന റാന്നി ഇക്കുറി വലത്തോട്ട് പോരുമെന്ന പൂർണവിശ്വാസത്തിലാണ് യു.ഡി.എഫിനായി റിങ്കു ചെറിയാൻ അങ്കത്തിനിറങ്ങിയതും.

ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രം കൃത്യമായി മനസ്സിലാക്കിയാണ് ഇൗ മുൻ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. പ്രചാരണപ്രവർത്തനങ്ങളിൽ സി.പി.എമ്മിന്റെ അതീവശ്രദ്ധയുണ്ടാകണമെന്ന നിർദേശവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും ഇടപെട്ടു.

ചെറിയ പ്രായത്തിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സർവകലാശാലാ യൂണിയൻ മുൻ ജനറൽ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രമോദ് നിയമസഭയിലേക്ക് കന്നിയങ്കത്തിനാണിറങ്ങിയത്. നിലവിൽ കേരള കോൺഗ്രസ് എം. സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. അവസാനംവരെ ആകാംക്ഷ നിലനിർത്തിയ റാന്നിയിലെ പോരാട്ടത്തിന്റെ വിധിപ്രഖ്യാപനമെത്തിയപ്പോൾ നേരമേറെ വൈകി.