കോതമംഗലം: യു.ഡി.എഫ്. കോട്ടയിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് ആന്റണി ജോൺ എന്ന ചെറുപ്പക്കാരൻ രണ്ടാംവട്ടം ചെങ്കൊടി പാറിച്ചത്. 6605 വോട്ടാണ് ഭൂരിപക്ഷം. 2016-ൽ കോതമംഗലത്ത് അപ്രതീക്ഷിതമായി അവസാന നിമിഷം സ്ഥാനാർഥിയായി എത്തുമ്പോൾ 19,282 വോട്ടായിരുന്നു ആന്റണിയുടെ ഭൂരിപക്ഷം. പരാജയപ്പെടുത്തിയത് ടി.യു. കുരുവിളയെന്ന അതികായനെയും.

കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നേടാനായില്ലെങ്കിലും ആന്റണി ജോൺ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതൽ അവസാന റൗണ്ട് വരെയും വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിട്ട് നിന്നു. 21 ബൂത്തുകൾ വീതം 13 റൗണ്ട് വോട്ടെണ്ണലാണ് ഉണ്ടായിരുന്നത്. ആദ്യ റൗണ്ടിലെ കോട്ടപ്പടിയിൽ തുടങ്ങിയ വിജയം ഓരോ റൗണ്ട് പിന്നിടുമ്പോഴും തുടർന്നു. ഒരു റൗണ്ടിൽ പോലും പിന്നോട്ടു പോയില്ല. അവസാന റൗണ്ട് വരെ ഭൂരിപക്ഷം തുടർന്നു. ഏറ്റവും അവസാനം പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോഴും ആന്റണിക്ക്‌ 48 വോട്ടിന്റെ ഭൂരിപക്ഷം .

ഇക്കുറിയും എൽ.ഡി.എഫിന്റെ വിജയത്തിന് തിളക്കമേകിയത് നെല്ലിക്കുഴി പഞ്ചായത്താണ്. പഞ്ചായത്ത് അടിസ്ഥാനത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും നെല്ലിക്കുഴിയിൽനിന്നാണ് - നാലായിരത്തോളം വോട്ട്. യു.ഡി.എഫ്. അല്പമെങ്കിലും പിടിച്ചുനിന്നത് പിണ്ടിമന പഞ്ചായത്തിലും കോതമംഗലം നഗരസഭയിലുമാണ്. എൻ.ഡി.എ.യുടെ വോട്ടിൽ വലിയ വിള്ളലുണ്ടായി. ഇക്കുറി 4638 വോട്ടാണ് ബി.ഡി.ജെ.എസ്. സ്ഥാനാർഥിക്ക് കിട്ടിയത്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് (പി.സി. തോമസ്) സ്ഥാനാർഥിക്കു ലഭിച്ചതിനെക്കാൾ എണ്ണായിരത്തോളം വോട്ടിന്റെ കുറവ്. ട്വന്റി-20 യുടെ കടന്നുവരവ് യു.ഡി.എഫിനാണ് കൂടുതൽ ക്ഷീണമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 7978 വോട്ടാണ്‌ ട്വന്റി 20-ക്കു ലഭിച്ചത്. ക്രിസ്ത്യൻ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ട്വന്റി 20-ക്കു സാധിച്ചതായാണ് വിവരം.