തൃശ്ശൂർ: “തൃശ്ശൂർ ഞാൻ അവിടെത്തന്നെ വെച്ചിട്ടുണ്ട്, ഉച്ചയ്ക്കുതന്നെ ടി.വി. ഓഫ് ചെയ്തെങ്കിൽ ജയിച്ചെന്ന സന്തോഷത്തിൽ പോകാമായിരുന്നു, സ്‌ക്രീനിന്റെ ഒരറ്റത്ത് തിരഞ്ഞെടുപ്പുഫലം കാണിക്കാമോയെന്ന് കൊച്ചു ടി.വി.യോട് ചോദിക്കുന്ന അച്ഛൻ...” -കേരളം തിരഞ്ഞെടുപ്പുവിധി കാത്തിരുന്ന പകലിൽ വൻഭൂരിപക്ഷത്തിൽ ജയിച്ച് സാമൂഹികമാധ്യമങ്ങളിലെ ട്രോളുകൾ. പുറത്തിറങ്ങൽ കോവിഡ് കാരണം മുടങ്ങിയതോടെ സാമൂഹികമാധ്യമങ്ങളിലായിരുന്നു കേരളജനതയുടെ ആഹ്ലാദ-നിരാശ പ്രകടനങ്ങൾ.

വിധിയെത്തുന്നതിന്റെ തലേന്ന് പിരിമുറുക്കം കുറയ്ക്കാൻ ഒരു ‘സാമ്പാർ അവലോകന’ത്തിൽ തുടങ്ങിയതാണ് സാമൂഹികമാധ്യമങ്ങളിലെ വോട്ടെണ്ണൽമേളം. വിധിയറിയും ദിവസം പൊങ്കാലയും ട്രോൾമഴയുമായി ഓൺലൈനിൽ എരിപൊരിയാഘോഷം. ഫലപ്രഖ്യാപനത്തിനുമുമ്പും ശേഷവുമായി ആഘോഷപ്പെരുമഴ തീർക്കുന്നതിൽ ട്രോളന്മാർത്തന്നെയാണ് മുമ്പിൽ. തമാശയ്ക്കൊപ്പം താത്ത്വികമായ അവലോകനങ്ങളും ഒളിപ്പിച്ചുവെച്ചിരിക്കുന്നു ട്രോളുകളിൽ.

ജയിച്ച പാർട്ടിയും തൊട്ടുപിറകെയുള്ള പാർട്ടിയും തമ്മിൽ അന്തർധാര സജീവമാണെന്ന് ഒരുവിഭാഗം. തോറ്റെങ്കിലും ഇതൊന്നും റാഡിക്കലായുള്ള മാറ്റമല്ലെന്ന് ആശ്വസിച്ച് മറ്റൊരു കൂട്ടം. തിരഞ്ഞെടുപ്പുഫലം വ്യക്തമായതോടെ പരാജയമറിഞ്ഞ പാർട്ടികളെയും സ്ഥാനാർഥികളെയും പഞ്ഞിക്കിട്ടുള്ള ട്രോളുകളുടെ പെരുമഴയായി പിന്നീട്.

ഓരോ മിനിറ്റിലും വോട്ടർമാർ തങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടിരുന്നു. ആഹ്ലാദം നിറഞ്ഞ വെല്ലുവിളികളുണ്ട്, നിരാശകളുണ്ട്, സങ്കടം പറച്ചിലുകളുണ്ട്. വിജയിച്ച സ്ഥാനാർഥികൾ ആഹ്ലാദചിത്രങ്ങളുമായും പരാജയപ്പെട്ടവർ നന്ദിപറഞ്ഞും രംഗത്തെത്തി.

പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കാനാവാത്ത സങ്കടം സഹിക്കാതെ പലരും വീട്ടുകാരുമായി ടെറസിൽ കയറി, ആഞ്ഞുവിളിച്ചു മുദ്രാവാക്യം... വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ‘നിയമലംഘനമല്ല, വീടിന്റെ ടെറസാണ്, വീടും വീട്ടുകാരുമാണ്’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചു. ലീഡ് ചെയ്ത സ്ഥാനാർഥികൾ വിജയമുറപ്പിക്കുംമുമ്പേ വാട്സാപ്പ് സ്റ്റാറ്റസുകളിൽ ജയിച്ചെന്നുറപ്പിച്ച് പണി കിട്ടിയവരും കുറവല്ല.