: പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി.എം. മുസ്തഫ യു.ഡി.എഫിലെ നജീബ് കാന്തപുരത്തോട് തോറ്റത് 38 വോട്ടിന്. ഇവിടെ സ്വതന്ത്രന്മാരായി മത്സരിച്ച ‘മുസ്തഫ’മാർക്കെല്ലാംകൂടി 1972 വോട്ടുകിട്ടി. മുസ്തഫയുടെ പേരിനോട് ഏറെ സാമ്യമുള്ള കെ.പി. മുഹമ്മദ് മുസ്തഫ-751, പി.കെ. മുസ്തഫ-750, മുസ്തഫ-471 എന്നിങ്ങനെയാണ് വോട്ടുവിഹിതം. നജീബിന്റെ അപരനായ നജീബ് കുറ്റീരിക്കും കിട്ടി 828 വോട്ട്.

മറ്റിടങ്ങളിൽ അപരന്മാർ പിടിച്ച വോട്ടിലൂടെ ഇത്തവണ ഒരു സ്ഥാനാർഥിയും തോറ്റില്ല. എതിരാളിക്ക് പാരയായി ഒരേപേരും സമാനപേരുള്ള അപരന്മാരെ രണ്ടുമുന്നണികളും മത്സരിപ്പിച്ചിരുന്നു. മലപ്പുറത്തെ തവനൂരിലായിരുന്നു കൂടുതൽ അപരന്മാർ ഉണ്ടായിരുന്നത്. ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പേരിനോട് സാദൃശ്യമുള്ള നാലു ഫിറോസുമാർ മത്സരിച്ചു. ഇവരെല്ലാംകൂടി 600 വോട്ടേ നേടിയുള്ളൂ. എൽ.ഡി.എഫ്. സ്ഥാനാർഥി മുൻമന്ത്രി കെ.ടി. ജലീലിനോട് സാദൃശ്യമുള്ള സ്വതന്ത്രനായ ജലീൽ 308 വോട്ടുപിടിച്ചു.

കെ.കെ. രമയ്ക്കെതിരേ വടകരയിൽ മൂന്നു രമമാർ മത്സരരംഗത്തുണ്ടായിരുന്നു. ഇവർക്ക് 189 വോട്ടേ കിട്ടിയുള്ളൂ. കുന്നംകുളത്ത് രണ്ടു മൊയ്തീന്മാരെ മത്സരരംഗത്ത് ഇറക്കി. ഇവിടെയും അപരന്മാർ ചലനമുണ്ടാക്കിയില്ല. കുന്നത്തുനാട്, അടൂർ, പാലാ, ചേർത്തല, ആറന്മുള, തൃത്താല, മണ്ണാർക്കാട്, മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ, കല്പറ്റ, കോതമംഗലം തുടങ്ങിയ മണ്ഡലങ്ങളിലും പ്രമുഖ മുന്നണിസ്ഥാനാർഥിമാരുടെ അതേപേരിലുള്ള സ്ഥാനാർഥികൾ ഉണ്ടായിരുന്നു. കണ്ണൂരിൽ പയ്യന്നൂർ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും അപരന്മാർ രംഗത്തുണ്ടായിരുന്നെങ്കിലും ഒരിടത്തും കാര്യമായ ചലനമുണ്ടാക്കാനായില്ല.