തൃശ്ശൂർ: നിശ്ശബ്‌ദപോരാളി എന്നോ കറുത്ത കുതിര എന്നോ വിശേഷിപ്പിച്ചാൽ അധികമാവില്ല, തൃശ്ശൂർ മണ്ഡലത്തിൽ ജയിച്ച ഇടതുസ്ഥാനാർഥി പി. ബാലചന്ദ്രനെ. ജില്ലയിൽ ഏറ്റവും ജയസാധ്യത കുറഞ്ഞ മണ്ഡലമെന്ന് സ്വന്തം മുന്നണിപോലും വിലയിരുത്തിയ സീറ്റിലെ ജയം രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. മുതിർന്ന പല രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും തിരഞ്ഞെടുപ്പ് വിലയിരുത്തലുകളിൽ ബാലചന്ദ്രനെ ദുർബലനായ സ്ഥാനാർഥിയെന്ന് വിശേഷിപ്പിക്കുകയുണ്ടായി.

എപ്പോഴും ചിരിച്ചും പരിചിതരെ കെട്ടിപ്പിടിച്ചും നടക്കുന്നില്ല എന്നതുകൊണ്ട് മികച്ച പോരാളിയല്ല എന്നും പറഞ്ഞവരുണ്ട്. എന്നാൽ, വായനയിലും താത്ത്വികാവലോകനത്തിലും ഗാംഭീര്യമുള്ള പ്രഭാഷണത്തിലും ഊന്നൽക്കൊടുക്കുന്ന ബാലചന്ദ്രനെ അടുത്തറിയാവുന്നവർക്കെല്ലാം ബഹുമാനമായിരുന്നു. അവർക്കെല്ലാം ബാലചന്ദ്രൻ ‘ബാൽസി’ ആണ്. വാക്കുകളിൽ ആശയതീക്ഷ്‌ണതയും ആർജവവും പുലർത്തുന്നയാൾ. സാധാരണക്കാരുടെ വികാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്നയാൾ...

കേരളവർമ കോളേജിലെ പഠനകാലത്ത് വലിയൊരു ആരാധകവൃന്ദംതന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ സ്വന്തം മുന്നണിയിലെ എസ്.എഫ്.ഐ. കൗൺസിലറേക്കാൾ വലിയ ഭൂരിപക്ഷമാണ് ബാലചന്ദ്രൻ നേടിയത്. സമരമുഖത്തിൽ സജീവസാന്നിധ്യമായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയവ്യത്യാസമില്ലാത്ത സൗഹൃദവലയം എപ്പോഴും കൂടെയുണ്ടായിരുന്നു.

പല തിരഞ്ഞെടുപ്പ് പ്രവചനങ്ങളിലും ബാലചന്ദ്രൻ മൂന്നാംസ്ഥാനത്താവും എന്നു പറഞ്ഞപ്പോൾ, മാതൃഭൂമി ചാനലിന്റെ എക്സിറ്റ് പോൾ മാത്രമാണ് ഇദ്ദേഹത്തിന് ജയം പ്രവചിച്ചത്. ഈ പ്രവചനത്തിനെതിരേ കോൺഗ്രസ് ഭാരവാഹികൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഒടുവിലത്തെ ചിരി ബാൽസിയുടേതായി. ‌

വിജയത്തിന്റെ മാറ്റുകൂട്ടുന്ന പ്രധാനഘടകമായി മന്ത്രി വി.എസ്. സുനിൽകുമാറുണ്ട്. മത്സരിച്ചിരുന്നെങ്കിൽ നിശ്ചയമായും ജയിക്കുമെന്ന് നിരീക്ഷകരെല്ലാം പറഞ്ഞിരിക്കുമ്പോഴാണ് സുനിൽ മാനദണ്ഡക്കുടുക്കിലാകുന്നത്. പലവിധ സമ്മർദങ്ങളുമുണ്ടായെങ്കിലും പാർട്ടി വഴങ്ങിയില്ല. തെല്ലുപോലും നീരസം കാണിക്കാതെ സ്വയം സ്ഥാനാർഥിയെന്ന നില ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. പി. ബാലചന്ദ്രനൊപ്പം എപ്പോഴും കൈവീശി സുനിൽകുമാറുമുണ്ടായിരുന്നു, വികസനത്തിന്റെ തുടർച്ചയ്ക്ക് പിന്തുണ തേടി ഉടനീളം.