: മുഖ്യമന്ത്രിയും മരുമകനും ഒരുമിച്ച് എത്തുന്നുവെന്ന അപൂർവതയുണ്ട് ഇത്തവണ കേരള നിയമസഭയ്ക്ക്. ടി.വി. തോമസും ഭാര്യ കെ.ആർ. ഗൗരിയമ്മയും ഒരുമിച്ച് നിയമസഭയിലിരുന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു അപൂർവത ആദ്യമാണ്. ധർമടത്തുനിന്ന് വൻഭൂരിപക്ഷത്തിനാണ് പിണറായി വിജയിച്ചത്. മകൾ വീണയുടെ ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിൽനിന്ന് 28,747 വോട്ടിന്റെ ചരിത്രഭൂരിപക്ഷവും നേടി. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിലല്ല അദ്ദേഹത്തിന് ബേപ്പൂരിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. മരുമകനാവുന്നതിനു മുൻപേ റിയാസ് ഡി.വൈ.എഫ്.ഐ.യുടെ അഖിലേന്ത്യാ പ്രസിഡന്റാണ്. സി.പി.എം. സംസ്ഥാന സമിതിയംഗവും.

തോൽവി പിണഞ്ഞ്

ചേട്ടനും അനിയത്തിയും

കോൺഗ്രസ് നേതാവ് കെ. മുരളീധരനും സഹോദരി പത്മജാ വേണുഗോപാലും മത്സരിച്ചിരുന്നെങ്കിലും രണ്ടുപേർക്കും നിയമസഭയിലെത്താനായില്ല. നേമത്ത് കരുത്തനായ സ്ഥാനാർഥി വേണമെന്ന പാർട്ടി തീരുമാനത്തെത്തുടർന്നാണ് ലോക്‌സഭാംഗമായ മുരളി അങ്കത്തിനിറങ്ങിയത്. എന്നാൽ, സി.പി.എമ്മിലെ വി. ശിവൻകുട്ടിക്കും ബി.ജെ.പി. സ്ഥാനാർഥി കുമ്മനം രാജശേഖരനും പിന്നിൽ മൂന്നാമതായി. തൃശ്ശൂരിൽ മത്സരിച്ച പത്മജ സി.പി.ഐ.യിലെ പി. ബാലചന്ദ്രനോട് നേരിയ ഭൂരിപക്ഷത്തിനാണ് തോറ്റത്.

വിജയംകാണാനാകാതെ

അളിയനും അളിയനും

കെ.എം. മാണിയുടെ മകനും മകളുടെ ഭർത്താവിനും തിരഞ്ഞെടുപ്പിൽ തോൽവി പിണഞ്ഞു. പാലായിൽനിന്ന് കേരള കോൺഗ്രസ് എം. സ്ഥാനാർഥിയായാണ് മകൻ ജോസ് കെ. മാണി മത്സരിച്ചത്. മാണി സി. കാപ്പനോട് പന്ത്രണ്ടായിരത്തിൽപ്പരം വോട്ടിന് അടിതെറ്റി. അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് എം.പി. ജോസഫായിരുന്നു തൃക്കരിപ്പൂരിൽ സ്ഥാനാർഥി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയംകാണാനായില്ല.