തൃശ്ശൂർ: യു.ഡി.എഫിന്റെ എല്ലാ പ്രതീക്ഷകളെയും പൊളിച്ചടുക്കി തൃശ്ശൂർ ജില്ല ഇടതിനൊപ്പം ഉറച്ചുനിന്നു. 13-ൽ 12 സീറ്റും ഇടതുമുന്നേറ്റത്തിനൊപ്പമായി. ഏറ്റവും പ്രതീക്ഷ സൂക്ഷിച്ചിരുന്ന തൃശ്ശൂർ മണ്ഡലം കൈവിട്ടതാണ് യു.ഡി.എഫിനേറ്റ ഏറ്റവും വലിയ ഷോക്ക്. ഗുരുവായൂരിലെ തോൽവിയാണ് മറ്റൊരു അപ്രതീക്ഷിത തിരിച്ചടി. കഴിഞ്ഞതവണ വടക്കാഞ്ചേരി മാത്രം ജയിച്ചപ്പോൾ, ഇത്തവണ അത് ചാലക്കുടിയായി എന്നു വേണമെങ്കിൽ യു.ഡി.എഫിന് ആശ്വസിക്കാം.

ജില്ലയിൽ എൻ.ഡി.എ. എവിടെയും രണ്ടാമതെത്തിയില്ല. യു.ഡി.എഫിന്റെ പുതുമുഖപരീക്ഷണവും ജയം കണ്ടില്ല. സംസ്ഥാനമാകെ ചർച്ചചെയ്യപ്പെട്ട ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം ഉയർത്തിയ അനിൽ അക്കര വടക്കാഞ്ചേരിയിൽ വലിയ ഭൂരിപക്ഷത്തിന് തോറ്റത് യു.ഡി.എഫിന് രാഷ്ട്രീയതിരിച്ചടി കൂടിയായി. മന്ത്രിമാരെയും എം.എൽ.എ.മാരെയും മാറ്റിനിർത്തിയത് സ്വീകരിക്കപ്പെട്ടുവെന്ന് എൽ.ഡി.എഫിന് അവകാശപ്പെടാം. ചാലക്കുടി മാത്രമാണ് ഇതിന് അപവാദമായത്.