തൃശ്ശൂർ: 13-ൽ 12 -തൃശ്ശൂരിലെ എൽ.ഡി.എഫ്. നേതൃത്വം തലയുയർത്തിനിന്ന്് പറയുന്നു, ഇത് അടിത്തട്ടിൽ തൊട്ട ചുകപ്പ്. കൃത്യമായ രാഷ്ട്രീയമത്സരമാണ് ഇത്തവണ ഇടതുപക്ഷം ജില്ലയിൽ പയറ്റിയത്. തദ്ദേശ തിരഞ്ഞെടുപ്പ് മുതലാരംഭിച്ച ഒരുക്കം ചിട്ടയോടെ മുൻപോട്ട് കൊണ്ടുപോയപ്പോൾ സ്വന്തമായത് പകിട്ടേറിയ ജയം. സമ്പൂർണവിജയം ഒരുസീറ്റകലെ നഷ്ടപ്പെട്ടപ്പോഴും സംസ്ഥാനത്ത് എൽ.ഡി.എഫ്. ശക്തമായ തേരോട്ടം നടത്തിയ ജില്ലയായി തൃശ്ശൂർ മാറി.

ജയിച്ച 12 മണ്ഡലങ്ങളിൽ ഒമ്പതിടത്തും ഭൂരിപക്ഷം വർധിപ്പിക്കാൻ എൽ.ഡി.എഫിനായി. ഇതിൽ എട്ടിടത്തും എം.എൽ.എ.മാരുടെ തുടർജയമാണെന്നതും വിസ്മരിച്ചുകൂടാ. ആ അർഥത്തിൽ നിലവിലെ ജനപ്രതിനിധികൾക്കുള്ള അംഗീകാരംകൂടിയായി അതുമാറി. ശേഷിക്കുന്ന ഒന്നായ വടക്കാഞ്ചേരിയിലെ എൽ.ഡി.എഫ്. ജയത്തിന് തിളക്കമേറെയാണ്. സേവ്യർ ചിറ്റിലപ്പിള്ളി എന്ന യുവനേതാവ് കഴിഞ്ഞതവണ യു.ഡി.എഫിന്റെ ജില്ലയിലെ ഏക എം.എൽ.എ.യായ അനിൽ അക്കരയെയാണ് തറപറ്റിച്ചത്. അനിലിന്റെ 43 എന്ന രണ്ടക്ക ഭൂരിപക്ഷത്തിൽനിന്ന് അഞ്ചക്കത്തിലേക്കാണ് സേവ്യർ ഉയർന്നത്.

വീണ്ടും മത്സരിച്ചാൽ ജയം ഉറപ്പായിരുന്ന നാല് സ്ഥാനാർഥികളെ മാറ്റി, എൽ.ഡി.എഫ്. നടത്തിയ പരീക്ഷണവും ജയം കണ്ടു. നാലിൽ മൂന്നിടത്തും ഒട്ടും മോശമല്ലാത്ത ജയം. പുതുക്കാട്ട് സി. രവീന്ദ്രനാഥിനെയും ഗുരുവായൂരിൽ കെ.വി. അബ്ദുൾഖാദറിനെയും തൃശ്ശൂരിൽ വി.എസ്. സുനിൽ കുമാറിനെയും മാറ്റിയത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളെല്ലാം അമ്പേ മറികടന്ന വിജയം.

പക്ഷേ, ചാലക്കുടിയിൽ ബി.ഡി. ദേവസ്സിയെ മാറ്റി കേരള കോൺഗ്രസിന് വിട്ടുനൽകാനുള്ള തീരുമാനം മാത്രം തെറ്റി. ദേവസ്സിയെ മാറ്റിയതുമാത്രമല്ല, സി.പി.എമ്മിന്റെ സീറ്റ് കൈമാറിയതും രണ്ടില ചിഹ്നവുമെല്ലാം ഇവിടെ പ്രതികൂല ഘടകമായി. അതേസമയം, ചാലക്കുടി യു.ഡി.എഫ്. വേരോട്ടമേറെയുള്ള മണ്ഡലമാണെന്നതും വസ്തുതയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന് വ്യക്തമായ നേട്ടമുണ്ടായ മേഖലകൂടിയാണ് ഇത്. ഇവിടെ ചെറിയ ഭൂരിപക്ഷത്തിന് മാത്രമാണ് എതിർസ്ഥാനാർഥി വിജയിച്ചതെന്ന് എൽ.ഡി.എഫിന് ആശ്വസിക്കാം.

ഉറച്ച ഇടതുമണ്ഡലങ്ങളായ കയ്പമംഗലത്തും നാട്ടികയിലും ചേലക്കരയിലും കൊടുങ്ങല്ലൂരിലും പുതുക്കാട്ടും ഇത്തവണ അദ്‌ഭുതങ്ങളൊന്നും സൃഷ്ടിക്കാൻ യു.ഡി.എഫിനായില്ല. പുതുക്കാട്ടൊഴികെ ബാക്കിയെല്ലായിടത്തും 2016-നേക്കാൾ ഭൂരിപക്ഷമേറുകയും ചെയ്തു. ഇതിൽ ചേലക്കരയിൽ കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം ജില്ലയിലെ ഇതുവരെയുള്ള റെക്കോഡാണ്. യു.ആർ. പ്രദീപിനെ മാറ്റി വീണ്ടും കെ. രാധാകൃഷ്ണനെ അങ്കത്തിനിറക്കിയപ്പോൾ അത് എൽ.ഡി.എഫിന്റെ വോട്ട്‌ കുറയ്ക്കുമെന്ന നിരീക്ഷണമെല്ലാം നിഷ്‌പ്രഭമായി.

ഒല്ലൂരിൽ ചീഫ് വിപ്പ് കെ. രാജനും കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീനും പെട്ടിയിലാക്കിയ അധികവോട്ടുകൾ തീർച്ചയായും ഭരണനേട്ടങ്ങൾക്കുള്ള അംഗീകാരമാണെന്ന് ഉറപ്പിച്ച് പറയാം. അതേസമയം, കയ്പമംഗലത്തും പുതുക്കാട്ടും തൃശ്ശൂരും ഭൂരിപക്ഷത്തിലുണ്ടായ കുറവ് മത്സരം കടുത്തതായിരുന്നെന്ന് വ്യക്തമാക്കുന്നു.

ഇതിനിടയിൽ തൃശ്ശൂരിലെ വിജയം ഭൂരിപക്ഷത്തിനപ്പുറം വലിയൊരാഹ്ലാദമാണ് മുന്നണിക്ക് സമ്മാനിക്കുന്നത്. യു.ഡി.എഫിനും ബി.ജെ.പി.ക്കും നല്ല സ്വാധീനമുള്ള മണ്ഡലത്തിൽ കഴിഞ്ഞതവണ സുനിൽകുമാറിന്റെതന്നെ അദ്‌ഭുതവിജയമായിരുന്നു. ഇത്തവണയാകട്ടെ, കോൺഗ്രസിന് തൃശ്ശൂരിൽ വ്യക്തമായ മേൽവിലാസമുണ്ടാക്കിയ കെ. കരുണാകരന്റെ പുത്രി പദ്‌മജയും താരസ്ഥാനാർഥിയായ സുരേഷ്‌ഗോപിയും കൂടി ചേർന്നപ്പോൾ പി. ബാലചന്ദ്രന് സമ്മർദമേറെയായിരുന്നു. എക്സിറ്റ് പോളുകളിലും വിലയിരുത്തലുകളിലുമെല്ലാം മൂന്നാമതായ സ്ഥാനാർഥി അങ്ങനെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജയിച്ചുകയറി.

2016-ൽ ജില്ല സമ്മാനിച്ച സമാനവിജയത്തിന് അർഹമായ അംഗീകാരം ഇടതുപക്ഷ സർക്കാർ സമ്മാനിച്ചിരുന്നു. മൂന്ന്‌ മന്ത്രിമാരും ഒരു ചീഫ് വിപ്പും ജില്ലയിൽനിന്ന് ഭരണം നയിക്കാനുണ്ടായി. തീർച്ചയായും അവരുടെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന വികസന-ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വോട്ടർമാർ നൽകിയ പ്രതിഫലമാണ് തൃശ്ശൂരിലെ വിജയം. ഒപ്പം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ സ്ഥാനാർഥിനിർണയവും പ്രചാരണപ്രവർത്തനവുംകൂടി ചേർന്നപ്പോൾ തൃശ്ശൂർ വീണ്ടും ചുവന്നു.