തൃശ്ശൂർ: ജില്ലയിൽ കഴിഞ്ഞതവണ ഒറ്റ സീറ്റിലൊതുങ്ങിയതിന്റെ ക്ഷീണം ഇത്തവണ തീർക്കാനുള്ള ശ്രമം അസ്ഥാനത്തായതോടെ കോൺഗ്രസിന്റെ സംഘടനാദൗർബല്യമാണ് ഒരിക്കൽക്കൂടി പുറത്തുവരുന്നത്. അതാകട്ടെ, വരുംനാളുകളിൽ പാർട്ടിയുടെ പലനേതാക്കളെയും ഉത്തരം മുട്ടിക്കുന്നതാകും. ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാടി ജയിച്ച സനീഷ്‌കുമാർ ജോസഫാണ് യു.ഡി.എഫിന്റെ ജില്ലയിലെ സമ്പൂർണപരാജയം ഒഴിവാക്കിയത്.

തൃശ്ശൂരും പുതുക്കാടും കയ്പമംഗലവുമൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ്. സ്ഥാനാർഥികൾ കഴിഞ്ഞതവണത്തേക്കാൾ ഭൂരിപക്ഷം മെച്ചപ്പെടുത്തിയത് യു.ഡി.എഫിന് ക്ഷീണംതന്നെയാണ്. കനത്ത മത്സരമാണ് എല്ലാ മണ്ഡലങ്ങളിലും നടക്കുന്നതെന്ന് യു.ഡി.എഫ്. അവകാശപ്പെട്ടെങ്കിലും സ്ഥിതി മറിച്ചായിരുന്നുവെന്നാണ് വിജയികളുെട ഉയർന്ന ഭൂരിപക്ഷം തെളിയിക്കുന്നത്. ബി.െജ.പിയും നില മെച്ചപ്പെടുത്തിയതോടെ വിജയികളുടെ ഭൂരിപക്ഷം ഉയർത്തിയത് യു.ഡി.എഫിൽനിന്ന് ചോർന്ന വോട്ടുകളാണെന്ന് വിലയിരുത്തേണ്ടിവരും.

പുതുക്കാട് മണ്ഡലത്തിൽ ജയിച്ച എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞത് യു.ഡി.എഫിൻറെ നേട്ടമായി വിലയിരുത്താനാവില്ല. പുതുക്കാട് മൂന്നുതവണ മത്സരിച്ച സി. രവീന്ദ്രനാഥിന്റെ വ്യക്തിപ്രഭാവമായിരുന്നു കഴിഞ്ഞതവണത്തെ വൻ ഭൂരിപക്ഷം. ഇത്തവണ ഇറങ്ങിയ കെ.കെ. രാമചന്ദ്രനാകട്ടെ പുതുമുഖമായിട്ടും 27,000-ത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. യു.ഡി.എഫിന്റെ പ്രവർത്തനപരാജയം തന്നെയാണ് ഇവിടെയും കാണാനാകുന്നത്.

തൃശ്ശൂർ മണ്ഡലത്തിൽ കഴിഞ്ഞതവണ എൽ.ഡി.എഫ്. സ്ഥാനാർഥി നേടിയ 6987 വോട്ടിന്റെ ഭൂരിപക്ഷം കുറയ്ക്കാനായി എന്നതാണ് മുന്നണിക്കുള്ള ഏക ആശ്വാസം. അക്ഷരാർഥത്തിൽ ത്രികോണമത്സരം നടന്ന തൃശ്ശൂരിൽ അവസാനഘട്ടംവരെ മൂന്നാംസ്ഥാനത്ത് നിന്നിരുന്ന യു.ഡി.എഫ്. സ്ഥാനാർഥി പരാജയപ്പെട്ടത് ആയിരത്തിനടുത്ത് വോട്ടിനാണ്. ഇവിടെ മാത്രമാണ് വോട്ടിങ് ശതമാനത്തിൽ യു.ഡി.എഫ്. യഥാർഥമുന്നേറ്റമുണ്ടാക്കിയത്.

കഴിഞ്ഞ തവണത്തേതിന് വിരുദ്ധമായി ചിട്ടയായ പ്രചാരണവും ഗ്രൂപ്പിസമില്ലായ്‌മയും പുതുമുഖ-യുവ സ്ഥാനാർഥികളുടെ സാന്നിധ്യവും യു.ഡി.എഫിനുണ്ടായിരുന്നെങ്കിലും സംസ്ഥാനമൊട്ടുക്കുമുള്ള എൽ.ഡി.എഫ്. തരംഗത്തിൽ ജില്ലയിലെ യു.ഡി.എഫിന് പിടിച്ചുനിൽക്കാനായില്ല.