പത്തനംതിട്ട: ശക്തമായ ത്രികോണമത്സരമായിരുന്നു കോന്നിയിൽ. പക്ഷേ, ഫലം വന്നപ്പോൾ കൂടുതൽ ചുവന്നു. ഉപതിരഞ്ഞെടുപ്പിലെ നഷ്ടം ഇത്തവണ മറികടക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന കോൺഗ്രസിനും പാർട്ടി സംസ്ഥാന അധ്യക്ഷന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ അട്ടിമറിവിജയം ലക്ഷ്യമിട്ടിരുന്ന ബി.ജെ.പി.ക്കും കോന്നിയിലെ ഫലം ഒരേപോലെ പ്രഹരമാണ്.

23 വർഷം കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് പ്രതിനിധീകരിച്ചിരുന്ന കോന്നി 2019-ലെ ഉപതിരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫ്. തിരിച്ചുപിടിച്ചത്. ഇക്കുറിയും മികച്ച ഭൂരിപക്ഷത്തോടെ കോന്നി നിലനിർത്തി അഭിമാനകരമായ വിജയമാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും സി.പി.എമ്മിന്റെ യുവനേതാവുമായ കെ.യു.ജനീഷ് കുമാർ നേടിയിരിക്കുന്നത്. കോൺഗ്രസിലെ പടലപ്പിണക്കങ്ങളാണ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. വിജയിക്കാൻ കാരണമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

എന്നാൽ ചുരുങ്ങിയ കാലംകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾ മുൻനിർത്തി എൽ.ഡി.എഫും ജനീഷ് കുമാറും നടത്തിയ പ്രചാരണത്തിനാണ് ഇത്തവണ വോട്ടർമാർ അംഗീകാരം നൽകിയിരിക്കുന്നത്.

യു.ഡി.എഫും എൻ.ഡി.എ.യും രാഷ്ട്രീയവിഷയങ്ങളും സംസ്ഥാന സർക്കാരിന് എതിരായ അഴിമതി ആരോപണങ്ങളും ആയുധമാക്കിയെങ്കിലും വികസന അജണ്ട പ്രചാരണത്തിന്റെ കേന്ദ്രവിഷയമാക്കുന്നതിൽ എൽ.ഡി.എഫ്. വിജയിച്ചു.

യു.ഡി.എഫ്. സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ തോൽവി കോൺഗ്രസിനുള്ളിൽ ഏറെ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ചേക്കും. അഞ്ച് തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ യു.ഡി.എഫിന്റെ ഉലയാത്ത കോട്ടയായിരുന്നു കോന്നി. ഉപതിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് എം.പി. നിർദേശിച്ച റോബിൻ പീറ്ററിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചത് പാർട്ടിയിൽ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. യു.ഡി.എഫ്. സ്ഥാനാർത്ഥി പി.മോഹൻരാജിന്റെ തോൽവിക്ക് പ്രധാന കാരണങ്ങളിലൊന്നായി ഈ ആഭ്യന്തരകലാപം വിലയിരുത്തപ്പെട്ടു. ഇത്തവണ പ്രശ്നങ്ങൾക്ക് ഇട നൽകാതെ റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കി പഴുതടച്ച പ്രചാരണമാണ് കോൺഗ്രസ് നടത്തിയത്. എന്നിട്ടുമുണ്ടായ കനത്ത തോൽവി കോൺഗ്രസിന് വലിയ ആഘാതമാണ്.

ശബരിമലയോട് അടുത്തുകിടക്കുന്ന മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രൻ മികച്ച പ്രകടനം നടത്തിയിരുന്നു. അന്നത്തെ വോട്ട് നില നിലനിർത്താനായില്ലെങ്കിലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യുടെ വോട്ട് നില വലിയതോതിൽ ഉയർത്താൻ കെ.സുരേന്ദ്രന് കഴിഞ്ഞിരുന്നു. ഇത്തവണയും ശക്തമായ പ്രചാരണമാണ് എൻ.‍‍ഡി.എ. നടത്തിയത്. പക്ഷേ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കെ.സുരേന്ദ്രന് വോട്ടിൽ ഉണ്ടായ വലിയ കുറവ് ബി.ജെ.പി.യെയും അമ്പരപ്പിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ മത്സരിച്ച കോന്നിയിലുണ്ടായ തിരിച്ചടി പാർട്ടിക്കുള്ളിലും ചോദ്യങ്ങൾ ഉയർത്തും.