തൊടുപുഴ: കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് കൂടുതൽ നേടി എൽ.ഡി.എഫ്. ഇടുക്കി ജില്ലയെ ചുവപ്പണിയിച്ചു. തൊടുപുഴ മണ്ഡലത്തിൽ കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് മാത്രമാണ് ഇടതുതരംഗത്തിൽ പിടിച്ചുനിന്നത്.

കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ജോസഫ് വിഭാഗത്തിലെ കെ.ഫ്രാൻസിസ് ജോർജിനെ അയ്യായിരത്തിലധികം വോട്ടിന് പരാജയപ്പെടുത്തി. തുടർച്ചയായി ഇത് അഞ്ചാം തവണയാണ് റോഷി ഇവിടെനിന്ന് ജയിക്കുന്നത്.

മറ്റു മൂന്നുമണ്ഡലങ്ങളിലും എൽ.ഡി.എഫ്. വിജയം ആവർത്തിച്ചു. ഉടുമ്പഞ്ചോലയിൽ, മുമ്പ് വെറും ആയിരത്തിന്റെ ഭൂരിപക്ഷം നേടിയ മന്ത്രി എം.എം.മണി ഇക്കുറി 38,305 വോട്ടിന്റെ മികവിലാണ് ജയിച്ചത്. കോൺഗ്രസ് നേതാവായ ഇ.എം.ആഗസ്തിയാണ് തോറ്റത്.

ദേവികുളം മണ്ഡലത്തിൽ സി.പി.എമ്മിന്റെ യുവനേതാവ്‌ എ.രാജ ഇടതുസീറ്റ് നിലനിർത്തി. ഭൂരിപക്ഷം 7,848 വോട്ട്.

പീരുമേട് മണ്ഡലം ഇത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ സി.പി.ഐ. നിലനിർത്തി. വാഴൂർ സോമൻ 1835 വോട്ടിന് കോൺഗ്രസിലെ അഡ്വ. സിറിയക് തോമസിനെ തോല്പിച്ചു. 20259 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പി.ജെ.ജോസഫ് തൊടുപുഴ മണ്ഡലം നിലനിർത്തിയത്. ഇത് പത്താം തവണയാണ് ജോസഫ് ഇവിടെനിന്ന് ജയിക്കുന്നത്.

ജോസ് വിഭാഗത്തിലെ കെ.ഐ.ആന്റണിയായിരുന്നു എതിരാളി.