കാസര്‍കോട്: കേരളത്തില്‍ ബി.ജെ.പി.യുടെ ഭാവി എന്താകുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഏറെ വിയര്‍ക്കേണ്ടിവരുന്ന ജനവിധിയാണ് പുറത്തുവന്നത്. മുപ്പതിലേറെ സീറ്റുകള്‍ നേടി സംസ്ഥാനഭരണത്തില്‍ നിര്‍ണായകശക്തിയാകുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയവര്‍ മലയാളിയുടെ മനസ്സറിഞ്ഞില്ല. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിനുശേഷം നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മോശമല്ലാത്ത പ്രകടനം നടത്താന്‍ പാര്‍ട്ടിക്കും മുന്നണിക്കും കഴിഞ്ഞു. എന്നാല്‍, അത് തുടരാന്‍ ഇക്കുറി കഴിഞ്ഞില്ലെന്നു മാത്രമല്ല, ഏക തുരുത്തായിരുന്ന നേമവും ബി.ജെ.പി.ക്ക് കൈമോശംവന്നു.

സംസ്ഥാനരാഷ്ട്രീയത്തിലെ നിര്‍ണായകശക്തികളായ സി.പി.എമ്മും കോണ്‍ഗ്രസും തങ്ങളുടെ നേതാക്കളെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയത്. എന്നാല്‍, ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ രണ്ടിടങ്ങളില്‍ കളത്തിലിറക്കി കളിച്ച് വലിയൊരു പരീക്ഷണത്തിനൊരുങ്ങി. കോന്നിയും മഞ്ചേശ്വരവും അതിനെതിരേ വിധിയെഴുതി. ആ കൈവിട്ടകളിക്കെതിരേ വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ കടുത്ത വിമര്‍ശമുണ്ടാകുമെന്നാണ് സൂചന. പത്രികാസമര്‍പ്പണത്തിന് മണിക്കൂറുകള്‍ മുമ്പു മാത്രം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കാനിടയാക്കിയതും അതില്‍ ജയസാധ്യതയില്ലാത്തവരെ ഗ്രൂപ്പ്‌ താത്പര്യത്തിന്റെ പേരില്‍ മാത്രം പരിഗണിക്കേണ്ടിവന്നതും വിവാദത്തിന് ചൂടേറ്റും.

ബി.ജെ.പി. നടത്തിയ ’വിജയയാത്ര’ പാതിവഴി പിന്നിട്ടപ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. സംഘാടനത്തിലെ വലിയ വീഴ്ചയായാണ് ഇത് പാര്‍ട്ടിക്കുള്ളിലെ എതിര്‍പക്ഷം ഉയര്‍ത്തിക്കാണിക്കുന്നത്. അതോടൊപ്പം തിരഞ്ഞെടുപ്പിനെ പാര്‍ട്ടി ഗൗരവമായി കണ്ടില്ലെന്ന വിമര്‍ശനവുമുയരും. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ വീഴ്ച, പത്രിക തള്ളിപ്പോകല്‍ എന്നിവയുടെ ഉത്തരവാദിത്വത്തില്‍നിന്ന്‌ അദ്ദേഹത്തിന് മാറിനില്‍ക്കാനാകില്ല. സംസ്ഥാനനേതൃത്വത്തിലുള്ള മുഴവനാളുകളും സ്ഥാനാര്‍ഥികളായതോടെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര്‌ നയിച്ചെന്ന ചോദ്യത്തിനും ഉത്തരമില്ലാതായി.

കേന്ദ്രനേതൃത്വത്തിന്റെ മികച്ച പിന്തുണയോടെയാണ് നാളിതുവരെ സുരേന്ദ്രന്‍ പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നത്. പാര്‍ട്ടിക്കുള്ളിലെ എതിര്‍പക്ഷക്കാരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ അധ്യക്ഷന്‍ തയ്യാറാകുന്നില്ലെന്ന പരാതിയും കേന്ദ്രനേതൃത്വം അവഗണിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ആ ശൈലി തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം പടുത്തുയര്‍ത്തിയ കോട്ടയിൽ തിരഞ്ഞെടുപ്പ് പരാജയം വിള്ളലുകള്‍ വീഴ്ത്തുമെന്നുറപ്പാണ്. സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ ഉടക്കിനില്‍ക്കുന്നവരുടെ വാക്കുകള്‍ക്ക് ഇനിയെങ്കിലും കേന്ദ്രനേതൃത്വത്തിന് ചെവികൊടുക്കേണ്ടി വരും. എതിര്‍ഗ്രൂപ്പുകാരുടെ അടക്കിവെച്ച വികാരങ്ങള്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും സംസ്ഥാനരാഷ്ട്രീയാന്തരീക്ഷത്തിലും പൊട്ടിയൊഴുകുമെന്നുറപ്പാണ്.