കോട്ടയം: വീശിയടിച്ച ഇടതുതരംഗത്തിൽ കടപുഴകാതെ യു.ഡി.എഫ്‌. കോട്ടയത്ത്‌ പിടിച്ചുനിന്നു. ജില്ലയിലെ ഒൻപത്‌ മണ്ഡലങ്ങളിൽ അഞ്ചിടത്ത് എൽ.ഡി.എഫ്‌. ജയിച്ചപ്പോൾ നാലിടത്ത്‌ ജയം നേടി യു.ഡി.എഫ്‌. മാനം കാത്തു.

ഏറ്റുമാനൂർ, വൈക്കം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലാണ്‌ എൽ.ഡി.എഫ്‌. വെന്നിക്കൊടി നാട്ടിയത്‌. പുതുപ്പള്ളി, കോട്ടയം, പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ യു.ഡി.എഫ്‌. നേടി. 2016-ലെ തിരഞ്ഞെടുപ്പിൽ ആറ് സീറ്റുണ്ടായിരുന്ന യു.ഡി.എഫ്‌. നാലിലേക്ക്‌ ഒതുങ്ങി. രണ്ടുസീറ്റ്‌ മാത്രമുണ്ടായിരുന്ന എൽ.ഡി.എഫ്‌. നേട്ടം അഞ്ചാക്കി ഉയർത്തി. മുന്നണി പിടിച്ചെടുത്ത മൂന്നുസീറ്റിലും കേരള കോൺഗ്രസ് എമ്മാണ് ജയിച്ചത്. അവരുടെ വരവ്‌ എൽ.ഡി.എഫിന്‌ ഗുണം ചെയ്തെന്ന് ചുരുക്കം.

എന്നാൽ, കേരള കോൺഗ്രസ്‌ എമ്മിന്റെ തട്ടകമായ പാലായിൽ ചെയർമാൻ ജോസ്‌ കെ.മാണിയെ മാണി സി.കാപ്പൻ പരാജയപ്പെടുത്തിയതാണ് രാഷ്ട്രീയശ്രദ്ധ കൂടുതൽ കിട്ടിയ ഫലം. കഴിഞ്ഞ തവണ പൂഞ്ഞാറിൽ മൂന്ന് മുന്നണികളെയും അട്ടിമറിച്ച് ജയിച്ച ജനപക്ഷം നേതാവ്‌ പി.സി.ജോർജ്‌ ഇത്തവണ വീണു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ജയിച്ചെങ്കിലും ലീഡ്‌ കുത്തനെ കുറഞ്ഞു. 8504 മാത്രമാണ്‌ ഭൂരിപക്ഷം. കഴിഞ്ഞ തവണ ഇത് 27092 ആയിരുന്നു.