തൊടുപുഴ: ഇത്തവണയും ഇടുക്കിജില്ലയിൽ കോൺഗ്രസിന് നെഞ്ച് പൊടിഞ്ഞു. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽനിന്ന് കോൺഗ്രസ് എം.എൽ.എമാരുണ്ടായിരുന്നില്ല. ഇത്തവണ ആ നാണക്കേട് മാറ്റുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എന്നാൽ, ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർഥികളെല്ലാം ജില്ലയിൽ പരാജയപ്പെട്ടു. ജില്ലയിൽ യു.ഡി.എഫിന്റെ നേട്ടം തൊടുപുഴയിലെ കേരള കോൺഗ്രസിന്റെ വിജയം മാത്രം ഒരുങ്ങി.

അന്ന് വൻവിജയം, പിന്നെ...

2001-ൽ മൂന്ന് കോൺഗ്രസുകാരാണ് ജില്ലയിൽനിന്ന് നിയമസഭയിലെത്തിയത്. തൊടുപുഴയിൽനിന്ന് പി.ടി.തോമസും ദേവികുളത്തുനിന്ന് എ.കെ.മണിയും പീരുമേട്ടിൽ ഇ.എം.ആഗസ്തിയും ജയിച്ചു. അതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നും കോൺഗ്രസുകാർ പച്ച തൊട്ടിട്ടില്ല. ഘടകകക്ഷിയായ കേരള കോൺഗ്രസ് സ്ഥാനാർഥികൾ ജയിക്കുകയും ചെയ്തു.

2006-ൽ സി.പി.എമ്മിന്റെ എസ്.രാജേന്ദ്രൻ ദേവികുളവും സി.പി.ഐയുടെ ഇ.എസ്.ബിജിമോൾ, പീരുമേടും പിടിച്ചെടുത്തു. 2011-ൽ സംസ്ഥാന തലത്തിൽ യു.ഡി.എഫ്. അധികാരത്തിൽ വന്നപ്പോൾ, വലതുപക്ഷ ജില്ല എന്നറിയപ്പെട്ടിരുന്ന ഇടുക്കിയിൽ ഒരു കോൺഗ്രസുകാരൻ പോലും വിജയിച്ചില്ല.

കഴിഞ്ഞ തവണ രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസ് മികച്ച മത്സരം കാഴ്ചവെച്ചു. ഉടുമ്പൻചോലയിൽ സേനാപതി വേണുവും പീരുമേട്ടിൽ സിറിയക് തോമസും തലനാരിഴയ്ക്കാണ് 2016-ൽ പരാജയപ്പെട്ടത്.

വീണ്ടും നിരാശ

ഇത്തവണ മത്സരിച്ച മൂന്ന് മണ്ഡലങ്ങളിൽ രണ്ടിടത്തും കോൺഗ്രസ് ഉറച്ച വിജയ പ്രതീക്ഷയിലായിരുന്നു. പീരുമേട്ടിലായിരുന്നു പ്രതീക്ഷ ഏറെ. കഴിഞ്ഞ തവണ വെറും 314 വോട്ടിനാണ് സിറിയക് തോമസ് പരാജയപ്പെട്ടത്. ഇത്തവണയും അദ്ദേഹം സ്ഥാനാർഥിയായി വരുമ്പോൾ വിജയം സുനിശ്ചിതമാണെന്ന് കോൺഗ്രസ് കണക്കുകൂട്ടി.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ് ഈ മണ്ഡലത്തിൽനിന്ന് 23,380 വോട്ടിന്റെ ഭൂരിപക്ഷം നേടിയതും പ്രതീക്ഷ നൽകി. എന്നാൽ, ഏറെ നേരം മുന്നിട്ടുനിന്ന സിറിയക് തോമസ് വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിൽ വാഴൂർ സോമനോട് അടിയറവ് പറഞ്ഞു.

ദേവികുളത്തും കോൺഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നു. അവിടെയും നിരാശയായി ഫലം.