പാലാ: ജോസ് കെ.മാണിയെന്ന വമ്പനെ തിരഞ്ഞെടുപ്പ് ഗോദയിൽ വീഴ്ത്തിയിട്ടും സ്വതസിദ്ധമായ ശാന്തതയോടെ മാണി സി.കാപ്പൻ നിന്നു. ചൂടും പുകയും നിറഞ്ഞ പാലായിലെ തിരഞ്ഞെടുപ്പ് യുദ്ധം ജയിച്ചപ്പോഴും അദ്ദേഹം അമിതമായി ആഹ്ലാദിച്ചില്ല. എതിരാളിയെ പരിഹസിച്ചില്ല. താൻ ജയിച്ചത് എങ്ങനെയെന്നുമാത്രം അദ്ദേഹം പറഞ്ഞു. അതും സൗമ്യനായി. കഴിഞ്ഞ 16 മാസം പാലായിൽ എം.എൽ.എ. എന്ന നിലയിലുള്ള തന്റെ സാന്നിധ്യത്തിന് ജനങ്ങൾ തന്ന അംഗീകാരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

കേരളം മുഴുവൻ ശ്രദ്ധിച്ച പോരാട്ടമായിരുന്നു പാലായിലേത്. മത്സരം തുടങ്ങിയപ്പോൾത്തന്നെ കാപ്പൻ പറഞ്ഞ വാക്കുണ്ട്. 15,000 വോട്ടിന് ജയിക്കുമെന്ന്. അത് സത്യമാകുമോയെന്നറിയാൻ മറ്റുള്ളവർ ആകാംക്ഷയോടെ കാത്തിരുന്നപ്പോൾ കാപ്പൻ മാത്രം ഒട്ടും വേവലാതി ഇല്ലാതെ നിലകൊണ്ടു. പഴയ വോളിതാരത്തിന്റെ മനസ്സ് ശാന്തമായിരുന്നു.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പാലാ മുണ്ടാങ്കലെ കാപ്പിൽ വീട്ടിൽ കൊച്ചുമകൻ റിയാനെ ചേർത്തുപിടിച്ച് ടി.വി.ക്ക് മുന്നിലുണ്ടായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി. തുടക്കംമുതൽ മുഖത്ത് പുഞ്ചിരി മായാതെനിന്നു.

തപാൽവോട്ടുകൾ എണ്ണിയപ്പോൾ ജോസ് കെ.മാണി 132 വോട്ടിന് ലീഡ് ചെയ്തു. വോട്ടിങ് യന്ത്രത്തിലേക്ക് കടന്നതോടെ മാണി സി.കാപ്പൻ ലീഡ് തിരിച്ചുപിടിച്ചു. 333 വോട്ടിന് കാപ്പൻ മുന്നോട്ട്. ഇടയ്ക്ക് ജോസ് കെ.മാണിയുടെ മുന്നേറ്റം. വൈകാതെ, കാപ്പൻ വീണ്ടും വിജയവഴിയിലേക്ക്.

പ്രാർഥനയുമായി മുറിക്കുള്ളിൽ ഭാര്യ ആലീസും മകൾ ദീപയും. രണ്ടാംറൗണ്ടിൽ ജോസ് കെ.മാണി മാണി സി.കാപ്പനെ മറികടന്നു. 3453 വോട്ടുകൾക്കാണ് മുന്നിലെത്തിയത്. പിന്നീട്, പതിനായിരത്തിലേറെ വോട്ടിന് കാപ്പൻ മുന്നേറിയപ്പോൾ ടി.വി. കാണുന്ന മുറിയിലെ യേശുവിന്റെ ചിത്രത്തിന് മുന്നിൽ വലിയ മെഴുകുതിരി കത്തിച്ച് കുടുംബാംഗങ്ങൾ പ്രാർഥിച്ചു.

ഇതിനിടെ, മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു: ‘‘ജയിക്കുമെന്ന് തന്നെ ഞാൻ കരുതുന്നു. ഇപ്പോഴുള്ള ലീഡിൽ ഞാൻ വിശ്വസിക്കുന്നു. എം.എൽ.എയായിരിക്കുമ്പോൾ സഹായം തേടിയെത്തിയവരെ പാർട്ടിയുടെ അടിസ്ഥാനത്തിൽ ഞാൻ കണ്ടിട്ടില്ല. എല്ലാവരോടും സൗമ്യമായിട്ടേ പെരുമാറിയിട്ടുള്ളൂ.”-ലളിതമായിരുന്നു വിശദീകരണം.

ചില ചോദ്യങ്ങൾക്ക് അദ്ദേഹം വേഗം മറുപടി പറഞ്ഞു.

സൗമ്യത വേണോ രാഷ്ട്രീയക്കാരന്? സ്വാഭാവികമായും സൗമ്യത വേണമെന്ന് മറുപടി. എതിർസ്ഥാനാർഥിയോട് മോശമായി പെരുമാറിയെന്ന് ആരോപണമുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം നിഷേധിച്ചു.

“‌ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല. ലോക്‌സഭയിൽ ഒന്നരക്കൊല്ലവും രാജ്യസഭയിൽ മൂന്നരക്കൊല്ലവും ഉള്ളപ്പോൾ സ്ഥാനം ഉപേക്ഷിച്ചതിനെ ഞാൻ വിമർശിച്ചിട്ടുണ്ട്”.

വിജയത്തെ എങ്ങനെ കാണുന്നു?

പണാധിപത്യത്തിന് മേൽ ജനാധിപത്യത്തിന് ലഭിച്ച വിജയം.

പിന്നീട്, കേക്ക്‌ മുറിച്ച് ആഹ്ലാദം പങ്കിട്ടു. 16 മാസത്തെ കഥകൾ പറയുന്നതിനിടെ, ടെലിവിഷൻ അദ്ദേഹത്തിന്റെ മുന്നേറ്റങ്ങൾ വിവരിക്കുന്നുണ്ടായിരുന്നു. സന്തോഷം കേക്കായും ലഡ്ഡുവായും പടക്കമായും പ്രവർത്തകർ എത്തിച്ചു. സഹോദരൻ ചെറിയാൻ സി.കാപ്പനും ഇതിനിടെ എത്തി. ‘‘ഓരോ പഞ്ചായത്തിലും ഈ ലീഡ് ഞാൻ വിചാരിച്ചതാണ്’’-ചെറിയാൻ സി.കാപ്പൻ സന്തോഷം പങ്കിട്ടു.