തൊടുപുഴ: ഇടുക്കി ഇത്തവണയും റോഷിയെ കൈവിട്ടില്ല. മുന്നണി മാറി എൽ.ഡി.എഫിലെത്തിയ റോഷി മലകയറിവന്ന ഇടതുകാറ്റിൽ അഞ്ചാംവട്ടവും ജയിച്ചു. കേരള കോൺഗ്രസിലെ പഴയ സഹപ്രവർത്തകനായ ഫ്രാൻസിസ് ജോർജിനുമേൽ 5563 വോട്ടിന്റെ വിജയം. രണ്ടുപതിറ്റാണ്ടായി റോഷിയിലൂടെ യു.ഡി.എഫിന്റെ കൈവശമിരുന്ന മണ്ഡലം അദ്ദേഹംതന്നെ ഇടത്തെത്തിച്ചു.

കനത്ത പോരാട്ടത്തിന്റെ പ്രതീതിയുണ്ടായിരുന്ന ഇടുക്കിയിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടംമുതൽതന്നെ റോഷി വ്യക്തമായ ലീഡ് നിലനിർത്തി. യു.ഡി.എഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന കട്ടപ്പന നഗരസഭയിൽ പോലും റോഷി ലീഡ് നേടി. പഞ്ചായത്തുകളിലും ലീഡുയർത്തി.

കേരള കോൺഗ്രസിലെ തർക്കങ്ങൾക്കുശേഷം ജോസ് കെ.മാണിക്ക്‌ പിന്നിൽ പാറപോലെ ഉറച്ചുനിന്ന റോഷിക്കിത് വലിയ രാഷ്ട്രീയവിജയം കൂടിയാണ്. റോഷിയെ പരാജയപ്പെടുത്താൻ കോൺഗ്രസും പി.ജെ.ജോസഫ് വിഭാഗവും സർവ്വസന്നാഹങ്ങളുമുപയോഗിച്ചു. ജനകീയനായ ഫ്രാൻസിസ് ജോർജിനെ വീണ്ടും എതിരാളിയാക്കി. എങ്കിലും ഇവിടെ നാലുതവണ ജനപ്രതിനിധിയായതിന്റെ ബന്ധങ്ങളും എൽ.ഡി.എഫിന്റെ കെട്ടുറപ്പോടെയുള്ള പ്രചാരണവും റോഷിക്ക് വിജയം സമ്മാനിച്ചു.