കൊച്ചി: ബി വോക് സ്പോർട്‌സ് ന്യൂട്രീഷ്യൻ ആൻഡ് ഫിസിയോ തെറാപ്പി കോഴ്‌സുകൾക്കെതിരേ ഫിസിയോ തെറാപ്പിസ്റ്റുകളുടെ അസോസിയേഷൻ. അശാസ്ത്രീയമായ രീതിയിലാണ് കോഴ്‌സുകൾ വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് അസോസിയേഷൻ ആരോപിക്കുന്നത്. എം.ജി. സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിൽ നടപ്പാക്കുന്ന ഈ കോഴ്സിലെ അപാകം ചൂണ്ടിക്കാണിച്ച് ഗവർണർക്കും യു.ജി.സി. ചെയർമാനുമെല്ലാം സംഘടന പരാതി നൽകിയിട്ടുണ്ട്.

കോഴ്‌സുമായി ബന്ധപ്പെട്ട് യാതൊരുവിധ വിദഗ്ധ ഉപദേശവും സ്വീകരിച്ചിട്ടില്ലെന്നും ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിച്ചിട്ടില്ലെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ്‌സ് കൺവീനർ ടി. അരുൺകുമാർ പറഞ്ഞു.

രോഗികളെ നേരിട്ട് ചികിത്സിക്കുന്നതിനാൽ ശാസ്ത്രീയ വൈദഗ്ധ്യം നേടാൻ സഹായകമായ രീതിയിലാണ് ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സിന്റെ പാഠ്യപദ്ധതി യൂണിവേഴ്‌സിറ്റികൾ ക്രമീകരിച്ചിട്ടുള്ളത്. ഹെൽത്ത് യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 14 കോളേജുകളിൽ മാത്രമാണ് ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പിയും സ്പെഷ്യലൈസ്ഡ് പ്രോഗ്രാമായ എം.പി.ടി.യും നടത്തുന്നത്. എന്നാൽ ഇത്തരത്തിലുള്ള മാനദണ്ഡങ്ങളൊന്നും ബി വോക് സ്പോർട്‌സ് ന്യൂട്രീഷ്യൻ ആൻഡ് ഫിസിയോ തെറാപ്പി കോഴ്സിന്റെ കാര്യത്തിൽ യൂണിവേഴ്‌സിറ്റി സ്വീകരിച്ചിട്ടില്ലെന്ന് അസോസിയേഷൻ പറയുന്നു.