കണ്ണൂർ: മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ തകർക്കുന്ന ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ പ്രതിഷേധിച്ച് ടി.എൻ.പ്രതാപൻ എം.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന യു.ഡി.എഫ്. തീരദേശജാഥയ്ക്ക് കണ്ണൂരിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. തിങ്കളാഴ്ച കാസർകോട് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് കെ.പി.സി.സി. വർക്കിങ്‌ പ്രസിഡന്റ് കെ.വി.തോമസ് ഉദ്ഘാടനം ചെയ്ത ജാഥ തൃക്കരിപ്പൂരിലെ സ്വീകരണയോഗത്തിനുശേഷം ചൊവ്വാഴ്ച കണ്ണൂർ ജില്ലയിലെത്തി. പുതിയങ്ങാടിയിലെ സ്വീകരണം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു.

ആഴക്കടൽ മത്സ്യബന്ധന കരാറിനു പിന്നിൽ അഴിമതിയുണ്ടെന്ന് ടി.എൻ.പ്രതാപൻ പറഞ്ഞു. തിരഞ്ഞെടുപ്പിനായി സി.പി.എം. ഫണ്ട്‌ ശേഖരണം നടത്തിയതായും സംശയമുണ്ട്. കരാറിന്റെ പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും ജുഡീഷ്യൽ അന്വേഷണം മാത്രമല്ല ദേശീയ ഏജൻസി തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകിട്ട് ഏഴുമണിയോടെ ജാഥ കണ്ണൂർ തയ്യിലിൽ സമാപിച്ചു. ജാഥ ബുധനാഴ്ച തലശ്ശേരിയിൽ പ്രവേശിക്കും.