പെരിയ: മതം, ഭാഷ, ജാതി എന്നിവയിലുള്ള വേർതിരിവുകൾ ഈ മണ്ണിൽ വേരുറക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്തിന്റെ പേരിലായാലും വിഭാഗിയത വേറൊരു വിഭാഗത്തെ ഒറ്റപ്പെടുത്തും. മറ്റു രാജ്യങ്ങൾ, മതം, ഭാഷ, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തെ ഒഴിവാക്കിയപ്പോഴും ഭാരതം എന്നും എല്ലാത്തിനെയും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂവെന്നും ഗവർണർ പറഞ്ഞു. പെരിയ കേരള കേന്ദ്ര സർവകലാശാലയുടെ 12-ാമത് സ്ഥാപന ദിനാഘോഷ പ്രഭാഷണവും പുതുതായി നിർമിച്ച അതിഥിമന്ദിരമായ നീലഗിരിയുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവന്റെ കണ്ണീർ തുടക്കുന്നവനാണ് യഥാർഥ മനുഷ്യൻ. അറിവ് നേടുകയെന്നത് ആവർത്തിച്ചുള്ള പഠനം മാത്രമല്ല -അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി വിവേകാനന്ദന്റെയും മുൻ രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണന്റെയും വീക്ഷണങ്ങൾ അവതരിപ്പിച്ചാണ് ഗവർണർ സംസാരിച്ചത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വിശിഷ്ടാതിഥിയായിരുന്നു. 2020-ലെ പുതിയ വിദ്യാഭ്യാസനയം സംരംഭകത്വവും വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കടേശ്വരലു, രജിസ്ട്രാർ ഡോ. എം.മുരളീധരൻ നമ്പ്യാർ, അക്കാദമിക്‌ ഡീൻ പ്രൊഫ. കെ.പി.സുരേഷ് എന്നിവർ സംസാരിച്ചു.