തേഞ്ഞിപ്പലം: കുടിവെള്ളത്തിന്റെ പമ്പിങ് ലൈനുകളിലെ ചോർച്ചയറിയാനുള്ള ജലഅതോറിറ്റി ജീവനക്കാരന്റെ കണ്ടുപിടിത്തം ഏഴ്‌ പ്ലാന്റുകളിൽ സ്ഥാപിക്കാൻ വകുപ്പ് നിർദേശം. ചീക്കോട് പ്ലാന്റിലെ ഹെഡ് ഓപ്പറേറ്ററും ചേലേമ്പ്ര സ്വദേശിയുമായ ടി.കെ. അജിത്കുമാറിന്റെ ‘ഫ്ളോ ഫെയില്വർ അലർട്ട് സിസ്റ്റം’ എന്ന സംവിധാനത്തിനാണ് അംഗീകാരം.

കണ്ണൂർ ജില്ലയിലെ മൈലാടി, ചാവശ്ശേരിപ്പറമ്പിലെ രണ്ട് പ്ലാന്റുകൾ, പെരുവത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി, മാവൂർ, മലപ്പുറം ജില്ലയിലെ ചീക്കോട് എന്നിവിടങ്ങളിൽ ഈ മാസം 31-നകം പദ്ധതിയൊരുക്കാൻ ജലവിഭവവകുപ്പ് ഡയറക്ടർ എസ്. വെങ്കിടേശപതി നിർദേശം നൽകിക്കഴിഞ്ഞു. 174 ദശലക്ഷം ലിറ്റർ പമ്പിങ് ശേഷിയുള്ള പെരുവണ്ണാമൂഴി പ്ലാന്റാണ് ഇതിൽ ഏറ്റവും വലുത്.

ഒരുമിനിറ്റിൽ പന്ത്രണ്ടായിരം ലിറ്റർ വെള്ളം പമ്പുചെയ്യുന്ന ചീക്കോട് പ്ലാന്റിലെ പൈപ്പുകളിൽ എവിടെയെങ്കിലും പൊട്ടലുണ്ടായാൽ ഉടൻ പ്ലാന്റിൽ ചുവപ്പുവെളിച്ചം തെളിഞ്ഞ് അപായശബ്ദം മുഴങ്ങുന്ന സംവിധാനമാണ് അജിത്ത് സ്ഥാപിച്ചത്. ഉടൻ മോട്ടോർ ഓഫാക്കാനും അതുവഴി വൻ നാശനഷ്ടങ്ങൾ ഒഴിവാക്കാനുമാകും.

ശുദ്ധീകരണശാലയിലെ ആദ്യഘട്ടമായ എയ്‌റേറ്ററിനു ശേഷം സ്ഥാപിക്കുന്ന ഫ്ളോസ്റ്റിൽ യൂണിറ്റും സെൻസറും ഫിൽട്ടർ സ്റ്റേഷനിലെ അലാം യൂണിറ്റും ഇവ പ്രവർത്തിക്കാനുള്ള വൈദ്യുതിനൽകുന്ന പവർ യൂണിറ്റും ചേർന്നതാണ് ’ഫ്ളോ ഫെയില്വർ അലർട്ട് ’ എന്ന ഉപകരണസംവിധാനം. ജലത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞാലുടൻ ഓപ്പറേറ്ററെ ജാഗ്രതപ്പെടുത്തുന്നതാണ് രീതി.

അടുത്തഘട്ടങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ പ്ലാന്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് വകുപ്പ് തീരുമാനം. സംവിധാനം സ്ഥാപിക്കേണ്ട പ്ലാന്റുകൾ സന്ദർശിച്ച് ജില്ലാ ഡിവിഷൻ ഓഫീസിൽ വിവരംനൽകിയതായി അജിത്‌കുമാർ പറഞ്ഞു.