മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടികളെപ്പോലെ മുസ്‌ലിംലീഗ് വനിതകളെ സ്ഥാനാർഥികളാക്കരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ ഉത്തരമേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വനിതാസംഘടനകൊണ്ട് പാർട്ടിക്ക് വോട്ടുനിലയിൽ പറയത്തക്ക നേട്ടങ്ങളുണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിവും പ്രാപ്തിയുമുള്ള പലരും പുറത്തുനിൽക്കേണ്ടിവന്നിട്ടുണ്ട്. 1996-ൽ മുസ്‌ലിം സംഘടനകളുടെ എതിർപ്പ്‌ മറികടന്നു സ്ഥാനാർഥികളെ നിർത്തിയതിന്റെ പരിണിതഫലം ഓർക്കണമെന്നും പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങൾ കരുതലോടെയാണ് ഇക്കാര്യങ്ങൾ കൈകാര്യംചെയ്തതെന്നും യോഗം വിലയിരുത്തി.

വൈസ് ചെയർമാൻ അഡ്വ. നൂറുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനംചെയ്തു. ഡോ. ഖാസി മുൽ ഖാസിമി അധ്യക്ഷതവഹിച്ചു. ശമീർ ഹൈതമി തൃക്കരിപ്പൂർ, ഇസ്‌മായിൽ ദാരിമി കണ്ണൂർ, നവാസ് ഖാസിമി ഈങ്ങാപ്പുഴ, അഡ്വ. സിനാൻ നദ്‌വി, വി.പി. കുഞ്ഞാപ്പു, മരുത ലത്തീഫ് മൗലവി, സിദ്ദീഖ് ചാലിയം എന്നിവർ പ്രസംഗിച്ചു.