മുഹമ്മ: പ്രകോപനപരമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ജമ്മു കശ്മീർ സ്വദേശിയെ മുഹമ്മയിൽനിന്ന് അറസ്റ്റുചെയ്തു. കശ്മീരുകാരനായ ജാഫറി(ഷാ-24)നെയാണ് അറസ്റ്റുചെയ്തത്. മുഹമ്മയിലെ ഒരു റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. കേന്ദ്ര ഇന്റലിജൻസിന്റെ നിർദേശപ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 156-ാം (രാജ്യത്തിനെതിരേയുള്ള പ്രചാരണം) വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. 2019-ൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടതുമായി ബന്ധപ്പെട്ടാണ് നടപടി. ഇപ്പോഴിവ നീക്കംചെയ്തിട്ടുണ്ട്. സൈബർസെല്ലിന്റെയും മറ്റും സഹായത്തോടെ ഇവ വീണ്ടെക്കണം. കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വാട്സാപ്പിൽ ലഭിച്ച ഒരു സന്ദേശം ഫെയ്സ്ബുക്കിൽ ഇട്ടുവെന്നാണ് ഇയാൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.