തിരുവനന്തപുരം : കഴിഞ്ഞ എൽ.ഡി.എഫ്. ഗവൺമെന്റ് സ്‌പോർട്‌സ് ക്വാട്ട പ്രകാരം 580 കായികതാരങ്ങൾക്ക് നിയമനം നൽകി. ഇതൊരു റെക്കോഡാണെന്ന് വകുപ്പ് അറിയിച്ചു.

ഒരു വർഷം സ്‌പോർട്‌സ്‌ ക്വാട്ടയിൽ 50 പേർക്കാണ് നിയമനം. 2010-14 കാലയളവിൽ മുടങ്ങിക്കിടന്ന 250 തസ്തികകളിലേക്ക് നിയമനം നടത്തി. നിയമനം സ്വീകരിക്കാത്ത 54 പേരുടെ സ്ഥാനത്ത് നിയമനത്തിനായി പിന്നാലെയുള്ള താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ സർക്കാർ കേരള പോലീസിൽ 137 കായികതാരങ്ങൾക്ക് നിയമനം നൽകി. പോലീസിൽ പുതിയ സ്‌പോർട്‌സ് ക്വാട്ട നിയമനങ്ങൾക്ക് കഴിഞ്ഞ മാസം അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ടീമിനത്തിൽ വെള്ളി, വെങ്കലം മെഡൽ നേടിയ 83 കായികതാരങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രായോഗികമല്ലായിരുന്നു. ഈ കായികതാരങ്ങൾക്ക് കായിക യുവജനകാര്യ ഡയറക്ടറേറ്റിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് എൽ.ഡി.സി. തസ്തികയിൽ നിയമനം നൽകി.

അർഹരായ മുഴുവൻ കായികതാരങ്ങൾക്കും ജോലി നൽകും. സ്‌പോർട്‌സ് ക്വാട്ട നിയമന പരിധി വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കും. സ്‌പോർട്‌സ് കൗൺസിൽ നിയമനങ്ങളിൽ കായികതാരങ്ങൾക്ക് അർഹമായ പരിഗണന നൽകും.