തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ ഭർത്താവ് താമസിക്കുന്ന വീട്ടിൽ തന്നെയും മകളെയും പോലീസ് എത്തിച്ചെന്ന യുവതിയുടെ പരാതിയിൽ മൊഴിയെടുത്തു. കാട്ടാക്കട ഡിവൈ.എസ്.പി.ക്കു മുമ്പാകെയാണ് യുവതി മൊഴി കൊടുത്തത്.

ഒരാഴ്ച മുൻപ് മുഖ്യമന്ത്രിക്ക് ഇവർ പരാതി നൽകിയിരുന്നു. പോക്‌സോ കേസിൽ ഭർത്താവിനെ അറസ്റ്റുചെയ്തില്ലെന്നും തുടർനടപടി ആവശ്യപ്പെട്ടുമായിരുന്നു യുവതി പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. റിപ്പോർട്ട് മുഖ്യമന്ത്രിക്ക്‌ അയച്ചുകൊടുക്കുമെന്ന് കാട്ടാക്കട ഡിവൈ.എസ്.പി. പ്രശാന്ത്‌ പറഞ്ഞു.

ഇവരുടെ ഭർത്താവിനെ സെപ്റ്റംബർ ഒൻപതിന് പോക്‌സോ കേസിൽ അറസ്റ്റുചെയ്തതാണെന്നും ഒക്‌ടോബർ 22 വരെ ഇയാൾ ജയിലിലായിരുന്നെന്നും ഡിവൈ.എസ്.പി. പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

നവംബർ 27ന് ഇയാൾക്കെതിരേ പോക്‌സോ കോടതിയിൽ കേസ് ചാർജ് ചെയ്തിട്ടുണ്ടെന്നും ഡിവൈ.എസ്.പി. പറഞ്ഞു. ഈ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാകും മുഖ്യമന്ത്രിക്ക് പോലീസ് കൈമാറുക.