കൊച്ചി : ‘ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്ക് വരാൻ ബസ് കാത്തുനിൽക്കുകയാണ്. മഴയുണ്ട്. കെ.എസ്.ആർ.ടി.സി. ബസ് വരുന്ന ശബ്ദം തിരിച്ചറിഞ്ഞ് കൈകാണിച്ചപ്പോൾ വണ്ടി നിർത്തിയെങ്കിലും കയറാൻ കണ്ടക്ടർ അനുവദിച്ചില്ല. കോവിഡ് നിയന്ത്രണമുള്ളതിനാൽ കുറച്ചുപേരെ കയറ്റാനേ കഴിയൂ. അത്രയുംപേർ ഇപ്പോൾത്തന്നെ വണ്ടിയിലുണ്ട്. തങ്ങൾ കാഴ്ചയില്ലാത്തവരാണെന്നും അധികസമയം സ്റ്റോപ്പിൽ ഇങ്ങനെ നിൽക്കാൻ കഴിയില്ലെന്നും പറഞ്ഞപ്പോൾ അയ്യായിരം രൂപ ഫൈൻ അടയ്ക്കാൻ തയ്യാറാണെങ്കിൽ കയറിക്കോളാൻ കണ്ടക്ടറുടെ മറുപടി. തങ്ങൾക്ക് സംവരണംചെയ്തിരിക്കുന്ന സീറ്റിൽ ഭിന്നശേഷിക്കാർ ആണോ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോൾ അല്ല എന്ന് ഉത്തരം. നിന്നെങ്കിലും യാത്രചെയ്യാൻ അനുവദിക്കൂവെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല’’.

(കോവിഡ് കാലത്ത് ഭിന്നശേഷിക്കാരുടെ അനുഭവം)

: കോവിഡ് കാലത്തെ അടച്ചിടലിൽ ഏറ്റവും ദുരിതമനുഭവിക്കേണ്ടി വന്നത് ഭിന്നശേഷിക്കാരാണ്. ലോക ഭിന്നശേഷിദിനമാണ് വ്യാഴാഴ്ച. ‘ഭിന്നശേഷിക്കാരെക്കൂടി ഉൾക്കൊള്ളുന്ന സുസ്ഥിരമായ കോവിഡനന്തര കാലത്തേക്ക് പോകാം’ എന്നാണ് ഇത്തവണത്തെ ലോകഭിന്നശേഷിദിനത്തിന്റെ സന്ദേശം. ഭിന്നശേഷിരംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തിയതിന് 2019-ലെ മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനത്തിനുള്ള ദേശീയപുരസ്കാരം കേരളത്തിന് ലഭിച്ചിരുന്നു. എന്നാൽ, പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമല്ലെന്ന് മുകളിലെ അനുഭവം തെളിയിക്കും. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലവിലുള്ള പരിപാടികളും പഠനപിന്തുണാ സംവിധാനങ്ങളും ശാക്തീകരിക്കുന്നതിന് സാമൂഹികസുരക്ഷാമിഷൻ മുഖേന തയ്യാറാക്കിയ റിപ്പോർട്ട് ഇപ്പോഴും പരിഗണനയിലാണ്. എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷിസൗഹൃദമാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് ‘ഭിന്നശേഷി അവകാശനിയമം-2016’ പറയുന്നു. ഈ നിയമം വന്ന് അഞ്ചുവർഷത്തിനകം എല്ലാ പൊതുകെട്ടിടങ്ങളും ഭിന്നശേഷിസൗഹൃദം ആകേണ്ടതുണ്ട്. ‘ബാരിയർ ഫ്രീ കേരള’ എന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ സർക്കാർ- പൊതുമേഖലാസ്ഥാപനങ്ങൾ ഭിന്നശേഷിസൗഹൃദമാക്കിയിട്ടുണ്ട്. കണ്ണൂരാണ് ആദ്യ ഭിന്നശേഷിസൗഹൃദ ജില്ല. മറ്റുജില്ലകളിൽ പ്രവർത്തനങ്ങൾ പാതിവഴിയിൽത്തന്നെയാണ്.

കോവിഡ് പ്രതിരോധ ജീവിതശൈലി

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കോവിഡ് പ്രതിരോധ ജീവിതശൈലിയുമായി പൊരുത്തപ്പെട്ട് പോകാനുള്ള പരിശീലനം സ്പെഷ്യൽ സ്കൂളുകൾ തുടങ്ങിയിട്ടുണ്ട്. ശരിയായ രീതിയിൽ മുഖാവരണം ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനുമുള്ള പരിശീലനമാണ് നൽകുന്നത്. വീടുകളിൽ ഇരുന്നുചെയ്യാൻ പറ്റുന്ന പരിശീലനവും നൽകുന്നുണ്ട്. ലോക്ഡൗൺ കാലത്ത് വീടുകളിൽത്തന്നെ കഴിയേണ്ടിവന്നത് വലിയ മാനസിക, ശാരീരിക പ്രശ്നങ്ങളുണ്ടാക്കി. തെറാപ്പികൾ മുടങ്ങിയതോടെ അവർ ആർജിച്ച കഴിവുകൾകൂടി നഷ്ടപ്പെട്ട അവസ്ഥയിലാണ്.