തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ അവകാശം ലംഘിച്ചുവെന്ന പരാതി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ പരാതി ഈ കമ്മിറ്റിക്ക്‌ വിടുന്നത്. കെ.എസ്.എഫ്.ഇ. റെയ്ഡിൽ മന്ത്രിയുടെ നിലപാടിനെ മുഖ്യമന്ത്രിയും പാർട്ടിയും തള്ളിയതിനുപിന്നാലെയാണിത്.

പ്രതിപക്ഷപരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിലാണ് സ്പീക്കർ പരാതി കൈമാറിയത്. മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും ബി.ജെ.പി.യും രംഗത്തെത്തി. എന്നാൽ, ആവശ്യം ഐസക് തള്ളി.

കിഫ്ബിക്കെതിരായ സി.എ.ജി. റിപ്പോർട്ടിലെ പരാമർശങ്ങൾ മന്ത്രി പരസ്യമാക്കിയതിനെപ്പറ്റി വി.ഡി. സതീശനാണ് പരാതിനൽകിയത്.

അസാധാരണമായ സാഹചര്യത്തിൽ കിഫ്ബിക്കെതിരായ കേന്ദ്രസർക്കാരിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ഉത്തമ ബോധ്യത്തോടെയാണ് താനത് പരസ്യമാക്കിയതെന്നാണ് മന്ത്രി സ്പീക്കർക്ക് നൽകിയ വിശദീകരണം. .

മന്ത്രിമാരെപ്പറ്റി ഒട്ടേറെ അവകാശലംഘനപരാതികൾ വരാറുണ്ട്. എല്ലാറ്റിലും മന്ത്രിമാരുടെ വിശദീകരണം തൃപ്തികരമാണെന്നുകണ്ട് പരാതി തീർപ്പാക്കുകയാണ് ഇത്രകാലവും സ്പീക്കർമാർ ചെയ്തിരുന്നത്. എന്നാൽ, തന്റെ നടപടിയിൽ അവകാശലംഘനപ്രശ്നമുണ്ടെന്ന് മന്ത്രി സമ്മതിച്ചതിനാലും കമ്മിറ്റിക്കുമുമ്പാകെ ഹാജരാകാമെന്ന് അറിയിച്ചതിനാലും സ്പീക്കർക്ക് പരാതി തീർപ്പാക്കാനാവില്ല.

ഭരണകക്ഷിക്ക് മുൻതൂക്കമുള്ള നിയമസഭാസമിതിയാണ് പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി. എ. പ്രദീപ്കുമാർ എം.എൽ.എ.യാണ് അധ്യക്ഷൻ. എം.എൽഎ.മാരുടെ പെരുമാറ്റം, സഭയുടെ അവകാശലംഘനം എന്നിവയെപ്പറ്റിയുള്ള പരാതികളാണ് സമിതി പരിശോധിക്കുന്നത്. വെള്ളിയാഴ്ച സമിതി യോഗം ചേരും. പരാതി ഫയലായി കമ്മിറ്റിക്ക് മുന്നിലെത്തിയാൽ അത് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ തീരുമാനിക്കും. മന്ത്രിയെയും വി.ഡി. സതീശനെയും വിളിച്ചുവരുത്തി വിശദീകരണം തേടും. ഭരണഘടനാവിദഗ്ധരോടും ആലോചിക്കും. തുടർന്ന് സമിതി റിപ്പോർട്ട് തയ്യാറാക്കി സ്പീക്കർക്ക് നൽകും. വേണമെങ്കിൽ ശിക്ഷ നിർദേശിക്കാം. അല്ലെങ്കിൽ മാപ്പാക്കാം. താക്കീതുമുതൽ ജയിൽശിക്ഷവരെ ശുപാർശ ചെയ്യാം.

സമിതി ശിക്ഷാനടപടി ശുപാർശ ചെയ്താൽ അത് സഭയിൽ അവതരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ്. സഭയ്ക്ക് അത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.