കാസർകോട്: സംസ്ഥാന മന്ത്രിസഭയിൽ കലാപമാണെന്നും പരസ്പരവിശ്വാസം നഷ്ടപ്പെട്ടെന്നും ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം സി.കെ.പദ്‌മനാഭൻ പറഞ്ഞു. മന്ത്രിസഭയ്ക്കെതിരേ മന്ത്രിയുടെ അവിശ്വാസം ആദ്യമായാണ് കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രമാണിച്ച് മന്ത്രിസഭയിൽ താത്കാലിക വെടിനിർത്തലാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ആരോഗ്യകരമായ രാഷ്ട്രീയ പരിവർത്തനം സംഭവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാകും രണ്ട് ലീഗ് നേതാക്കൾ ജയിലിലാണ്. പ്രതിപക്ഷനേതാവിനെതിരെ അന്വേഷണം നടക്കുകയാണ്.

ബി.ജെ.പി.യിൽ പഴയ ആൾക്കാർ മാറിക്കൊടുത്ത് പുതിയ ആൾക്കാർക്ക് അവസരമൊരുക്കണമെന്നാണ് തന്റെ നിലപാടെന്ന് ചില നേതാക്കളെ തഴയുന്നുവെന്ന പരാതിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. കിട്ടേണ്ടത് കിട്ടിയില്ലെന്ന വ്യക്തിപരമായ പരിഭവങ്ങളാണ് പുറത്തുവന്നത്. ഇത്തരം വിഷയങ്ങൾ പാർട്ടിക്ക് പ്രതിച്ഛായ നഷ്ടമുണ്ടാക്കി. എന്നാൽ ഇതിനെ മറികടന്ന് വിജയിക്കാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ട് -അദ്ദേഹം പറഞ്ഞു. എൻ.ഡി.എ. ജില്ലാ കൺവീനർ ഗണേഷ് പാറക്കട്ട, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് എൻ.സതീഷ് എന്നിവരും പങ്കെടുത്തു.