തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകൾ ക്ലസ്റ്ററുകളായി വേർതിരിക്കുമ്പോൾത്തന്നെ ദുർബല വിഭാഗത്തിൽപ്പെടുന്നവരെ രോഗനിർണയത്തിനുള്ള ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കു വിധേയരാക്കണമെന്ന്‌ നിർദേശം.

60 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികൾ, ഗുരുതര രോഗമുള്ളവർ എന്നിവരെയാണ് ദുർബല വിഭാഗത്തിൽ പെടുത്തിയിട്ടുള്ളത്. ക്ലസ്റ്ററുകളിൽ പെട്ടെന്ന് രോഗം വരാൻ സാധ്യതയുള്ള വ്യക്തികൾക്ക് എത്രയുംവേഗം ആർ.ടി.പി.സി.ആർ. പരിശോധന നടത്തണമെന്നും പുതുക്കിയ മാർഗരേഖ നിർദേശിക്കുന്നു.

വൃദ്ധസദനങ്ങളിലും മറ്റു സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കാൻ മൂന്നു മാസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. സ്ഥാപനങ്ങളിൽ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങൾക്കും പരിശോധന നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

പോസിറ്റീവിൽ മുന്നിൽ മലപ്പുറം

സംസ്ഥാനത്ത് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ നിരക്കിൽ മലപ്പുറം മുന്നിൽ. നവംബർ ആദ്യവാരം മുതൽ പോസിറ്റിവിറ്റി നിരക്ക് മലപ്പുറത്ത് 15 ശതമാനത്തിനു മുകളിലാണ്.

നവംബർ 16 മുതൽ 22 വരെയുള്ള ആഴ്ചയിൽ ഇത് 17.1 ശതമാനത്തിലെത്തി. കഴിഞ്ഞയാഴ്ച 15.8-ൽ എത്തി. ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിൽ പോയവാരം പോസിറ്റീവ് ആകുന്നവരുടെ നിരക്ക് ഉയരുകയും ചെയ്തു. മറ്റു ജില്ലകളിൽ നിരക്ക് താഴ്ന്നുതുടങ്ങിയിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിനു മുകളിലാണ്.

പരിശോധനകളിൽ മലപ്പുറം ജില്ല പിന്നിലാണ്. പത്തുലക്ഷത്തിൽ 7139 പേരിൽ മാത്രമാണ് പരിശോധന നടക്കുന്നത്. കണ്ണൂരിൽ ഇത് 7206 ആണ്. പാലക്കാട്, കാസർകോട് ജില്ലകളിലും പരിശോധന പതിനായിരത്തിൽ താഴെയാണ്. പത്തുലക്ഷത്തിൽ 17,682 പരിശോധനകൾ നടക്കുന്ന പത്തനംതിട്ടയാണ് ഒന്നാമത്.