തിരുവനന്തപുരം: മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാൻ ദ്വിതീയതലത്തിലെ ആശുപത്രികളിലെ ഐ.സി.യു. അടക്കമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തും. ഈ ഐ.സി.യു.കളെ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും. ഇതിലൂടെ ജില്ലാ-ജനറൽ ആശുപത്രികളിലെ ഐ.സി.യു. രോഗികളുടെ ചികിത്സയിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കുകൂടി ഇടപെട്ട് തീരുമാനമെടുക്കാൻ സാധിക്കും. ആശുപത്രികളിൽ കിടക്കകളും ഓക്സിജൻ കിടക്കകളും ഐ.സി.യു., വെന്റിലേറ്റർ സൗകര്യങ്ങളും പരമാവധി ഉയർത്താൻ ആശുപത്രികളിലെ മുന്നൊരുക്കം വിലയിരുത്താൻ വിളിച്ച യോഗത്തിൽ മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ജില്ലാതലത്തിൽ ഡി.എം.ഒ.മാരും ആശുപത്രികളിലെ സൗകര്യങ്ങൾ വിലയിരുത്തണം. മരുന്നുകളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും കരുതൽ ശേഖരം ഉറപ്പാക്കണം.

മൂന്നാം തരംഗം മുന്നിൽക്കണ്ട് ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ഉൾപ്പെടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതായി വകുപ്പുമേധാവികൾ അറിയിച്ചു. ജില്ലകളിൽ ഓക്സിജൻ ഉത്‌പാദന യൂണിറ്റുകൾ സജ്ജമാക്കും. ഓഗസ്റ്റിൽ 33 എണ്ണം പൂർത്തിയാക്കും. ഒഴിവുകൾ വകുപ്പുമേധാവികൾ പി.എസ്.സി.ക്ക്‌ റിപ്പോർട്ട് ചെയ്തെന്ന് ഉറപ്പാക്കണം. അനധികൃത അവധിയെടുത്തവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ്മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ, ഡി.എം.ഒ.മാർ തുടങ്ങിയവർ പങ്കെടുത്തു.