തിരുവനന്തപുരം: കിഫ്ബിയിൽ അതിവിദഗ്ധരുടെ ബാഹുല്യമാണെന്നും അർഥമില്ലാത്ത വാദങ്ങളുയർത്തി ഇവർ നിർമാണപ്രവർത്തനങ്ങൾ തടയുകയാണെന്നും കെ.ബി. ഗണേഷ്‌കുമാർ.

കഴിഞ്ഞ സർക്കാരിൽ കിഫ്ബിയുടെ ആറ് റോഡുകൾ മണ്ഡലത്തിൽ കിട്ടിയപ്പോൾ സന്തോഷംകൊണ്ടു തുള്ളിച്ചാടിയ താൻ ഇപ്പോൾ ജനങ്ങളുടെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർമാരെ സ്വകാര്യ കോളേജിൽനിന്നു പണംകൊടുത്തു ബി.ടെക്. പഠിച്ചിറങ്ങിയ കിഫ്ബിയിലെ ഉദ്യോഗസ്ഥർ തിരുത്തുകയാണ്. ഒരു യാഥാർഥ്യബോധവുമില്ലാതെയാണിതെന്നും ധനാഭ്യർഥന ചർച്ചയിൽ അദ്ദേഹം പറഞ്ഞു. ഇങ്ങനെ ജോലിയിലെത്തുന്ന ബി-ടെക്കുകാരുടെ ദിവസശമ്പളം പതിനായിരം രൂപയാണെന്നും ഗണേഷ് പറഞ്ഞു.

കിഫ്ബി നിർമാണം ഏറ്റെടുത്ത റോഡുകളിൽ മിക്കതും പാതിവഴിയിൽ കിടക്കുകയാണെന്നും നാട്ടുകാർ വാഴനട്ട് പ്രതിഷേധിക്കുകയാണെന്നും ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു. റോഡുനിർമാണവും മറ്റും പാതിവഴിയിൽ തടസ്സപ്പെടാതിരിക്കാൻ കിഫ്ബിയിൽനിന്നു പൊതുമരാമത്ത് മന്ത്രി തന്റെ അധികാരം തിരിച്ചുപിടിക്കണമെന്ന് എംകെ. മുനീർ ആവശ്യപ്പെട്ടു.