തിരുവനന്തപുരം: പട്ടാമ്പി അടക്കമുള്ള സംസ്ഥാനത്തെ എട്ടിടങ്ങളിൽ എക്‌സൈസ് സർക്കിൾ ഓഫീസുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന്‌ മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നതായി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. പട്ടാമ്പിയിലെ ലഹരിവ്യാപാരത്തിനും വ്യാജമദ്യത്തിനും ഒത്താശ നൽകിയ 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. എക്‌സൈസിനൊപ്പം പോലീസ് ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നു. ലഹരി മാഫിയാ സംഘങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. പാലക്കാട് ജില്ലയിൽ 6918 റെയ്ഡുകൾ നടത്തി. 1222 കിലോ കഞ്ചാവ് പിടിച്ചെടുത്തതായും മുഹമ്മദ് മുഹ്‌സിന്റെ സബ്മിഷനു അദ്ദേഹം മറുപടി നല്കി.

പുനരധിവാസ സഹായം: കളക്ടറുടെ റിപ്പോർട്ട് പ്രകാരം നടപടി- മന്ത്രി കെ.രാജൻ

തിരുവനന്തപുരം: വെങ്ങളം-അഴിയൂർ ദേശീയപാത വികസനത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പുനരധിവാസ ധനസഹായം സംബന്ധിച്ച് ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു.

ദേശീയപാതയ്‌ക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ ചട്ടത്തിന്റെ ഷെഡ്യൂൾ രണ്ട് പ്രകാരമുള്ള നഷ്ടപരിഹാരം മാത്രമേ നൽകാനാവൂ എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. ഇതോടൊപ്പം സ്റ്റേറ്റ് റീഹാബിലിറ്റേഷൻ പാക്കേജ് പ്രകാരം അധികമായി അനുവദിക്കേണ്ട തുകയും സംബന്ധിച്ച റിപ്പോർട്ടാണ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പുനരധിവാസ പാക്കേജ് പ്രകാരം അധികമായി അനുവദിക്കേണ്ട തുകയ്ക്കായി ദേശീയപാത അതോറിറ്റിയിൽ സമ്മർദം ചെലുത്തുമെന്നും കാനത്തിൽ ജമീലയുടെ സബ്മിഷന് അദ്ദേഹം മറുപടി നല്കി.

കാഞ്ഞിരപ്പള്ളിയിൽ റവന്യൂ കോംപ്ലക്‌സിന് തുടർനടപടി

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിൽ താലൂക്ക്, വില്ലേജോഫീസുകൾ, ഇലക്ഷൻ സ്റ്റോർ റൂം, ദുരന്തനിവാരണ വാർ റൂം, റവന്യൂ ക്വാർട്ടേഴ്‌സുകൾ എന്നിവ ഉൾപ്പെടുത്തി റവന്യൂ കോംപ്ളക്‌സ് നിർമിക്കുന്ന കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു.

പഴയ താലൂക്ക്‌ ഓഫീസ് സ്ഥിതിചെയ്തിരുന്നതും മിനി സിവിൽ സ്റ്റേഷന്റെ സമീപത്തുള്ളതുമായ റവന്യൂ വകുപ്പിന്റെ സ്ഥലം ഇതിനായി ലഭ്യമാണെന്നും ഡോ. എൻ.ജയരാജിന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.