തിരുവനന്തപുരം: തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൂടുതൽ രോഗികൾക്കു ഡയാലിസിസ് സൗകര്യം ഒരുക്കുന്നതിനായി നെഫ്രോളജിസ്റ്റ് കൺസൾട്ടന്റിന്റെ തസ്തിക സൃഷ്ടിക്കാൻ ശ്രമം നടത്തിവരുകയാണെന്നു മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. പി.ജെ.ജോസഫിന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.

തൊടുപുഴ ജില്ലാ ആശുപത്രിയിൽ 50 പേർ ഡയാലിസിസിനുള്ള വെയ്റ്റിങ് ലിസ്റ്റിലുണ്ട്. ഇവർക്കെല്ലാം ഡയാലിസിസ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഒറ്റപ്പാലം കാക്കത്തോട് ബൈപ്പാസ് സ്ഥലം ഏറ്റെടുപ്പിനു നടപടി

തിരുവനന്തപുരം: ഒറ്റപ്പാലം-കാക്കത്തോട് ബൈപ്പാസ് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പദ്ധതിക്ക് 78.05 കോടിയുടെ ഭരണാനുമതിയും കിഫ്ബി അംഗീകാരവും ലഭിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പിനുള്ള പ്രാരംഭ ചെലവിനായി 50 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും കെ.പ്രേംകുമാറിന്റെ സബ്മിഷന് അദ്ദേഹം മറുപടി നല്കി.

അഴീക്കൽ തുറമുഖത്തെ മേഖലാ പോർട്ടായി ഉയർത്തും

തിരുവനന്തപുരം: അഴീക്കൽ തുറമുഖത്ത് പുതിയ റീജണൽ പോർട്ട് ഓഫീസ് ആരംഭിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കെ.വി.സുമേഷിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

മലബാറിൽ മേഖലയുടെ പ്രധാന വാണിജ്യകേന്ദ്രമായി അഴീക്കൽ മേഖലയെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പുറംകടലിൽ മൂന്ന് ഘട്ടങ്ങളായുള്ള തുറമുഖ വികസനമാണ് ഉദ്ദേശിക്കുന്നത്. ഏകദേശം 3000 കോടി രൂപ ചെലവുവരുന്ന ആദ്യഘട്ട വികസനത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പരിസ്ഥിതിപഠനവും ഉൾനാടൻ വ്യാപാര വികസനത്തിന് നടപടികളുമായി കരാർ ഏറ്റെടുത്ത കമ്പനി മുന്നോട്ടുപോവുകയാണ്. ഈ മാസം അവസാനത്തോടെ ഡി.പി.ആർ. തയ്യാറാക്കാൻ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട്ട്‌ കൂടുതൽ ലാബ് ടെക്‌നീഷ്യൻമാരെ നിയോഗിക്കും

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ ലാബ് ടെക്‌നീഷ്യൻമാരുടെ കുറവ് പരിഹരിക്കുമെന്ന് എൻ.എ. നെല്ലിക്കുന്നിന്റെ സബ്മിഷന് മന്ത്രി വീണാ ജോർജ് മറുപടി നല്കി.

ജില്ലയിലെ ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിലെ പ്രവർത്തനങ്ങൾ പ്രത്യേക യോഗം വിളിച്ച് അവലോകനം ചെയ്യുന്നുണ്ട്. നിലവിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് 1, 2 തസ്തികകളിലായി 60 തസ്തികൾ അനുവദിച്ചിട്ടുണ്ട്. ഈ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തു.

ആർദ്രം പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പുതിയ ലാബ് ടെക്‌നീഷ്യന്റെ തസ്തിക സൃഷ്ടിക്കുന്നത് പരിഗണനയിലാണെന്നും അവർ പറഞ്ഞു.