തിരുവനന്തപുരം: അനാവശ്യമായി റോഡുകൾ വെട്ടിക്കുഴിക്കുന്നത് നിയന്ത്രിക്കുമെന്നും കുടിവെള്ള ആവശ്യത്തിന് ഉൾപ്പെടെ റോഡുകൾ കുഴിക്കാൻ ഏകീകൃത ഓൺലൈൻ പോർട്ടൽ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി ജലഅതോറിറ്റി, കെ.എസ്.ഇ.ബി., ടെലികമ്യൂണിക്കേഷൻ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയ വകുപ്പുകളുമായി ചർച്ച നടത്തും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

2346 കിലോമീറ്റർ റോഡ് ബി.എം. ആൻഡ് ബി.സി. സങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കും. 626 കിലോമീറ്റർ. തീരദേശഹൈവേ നിർമാണം ആരംഭിച്ചു. 1251 കിലോമീറ്റർ മലയോര ഹൈവേയിൽ 550 കിലോമീറ്ററിലെ 21 റീച്ചുകൾക്ക് അംഗീകാരം നൽകി. ദേശീയപാത അതോറിറ്റിക്ക് കീഴിലെ റോഡ് നവീകരണം പൂർത്തിയാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

ഓണക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതിന് തുല്യമായ രീതിയിലേക്ക് മാറും. വാക്സിൻ സ്വീകരിച്ചവർക്ക് വിനോദ സഞ്ചാരകേന്ദ്രങ്ങളിലെത്താൻ അനുമതി നൽകാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.

കുതിരാൻ: വിവാദങ്ങൾക്കില്ല

കുതിരാൻ തുരങ്കപാത തുറന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കില്ല. രണ്ടാമത്തെ തുരങ്കം തുറക്കാനാണ് മുൻഗണനയെന്നും മന്ത്രി പറഞ്ഞു. തുരങ്കം ഒരെണ്ണം മാത്രമാണ് തുറക്കുന്നതെങ്കിൽ ഉദ്ഘാടനം വേണ്ടെന്ന് നേരത്തേ കേന്ദ്രത്തെ അറിയിച്ചിരുന്നു.

വകുപ്പുമായി ബന്ധപ്പെട്ട അഴിമതി ഇല്ലാതാക്കാൻ ആഭ്യന്തര വിജിലൻസ് കുടുതൽ ഫലപ്രദമാക്കും. സോഫ്റ്റ്‌വേർ കാര്യക്ഷമമാകുന്നതോടെ കരാറുകാരുടെ ബില്ല് പാസാകുന്നതിലെ കാലതാമസം ഒഴിവാകും -മന്ത്രി പറഞ്ഞു.