തിരുവനന്തപുരം: ശബരിമല മേൽശാന്തിമാരായി തന്ത്രവിദ്യയും പൂജയും പഠിച്ചവരെ ജാതിവിവേചനമില്ലാതെ നിയമിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല മേൽശാന്തി നിയമനത്തിലെ വിവേചനത്തിനെതിരേ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന ബി.ഡി.ജെ.എസ്. സംസ്ഥാന നേതാക്കളുടെ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മേൽശാന്തി നിയമനത്തിന് ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന ഓർമ്മപ്പെടുത്തലാണെന്നും തുഷാർ പറഞ്ഞു. നവോത്ഥാനത്തിന്റെയും പ്രബുദ്ധതയുടെയും നാടായ കേരളത്തിൽ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ശ്രീകോവിലിനുള്ളിൽ പൂജിക്കാൻ അനുവദിക്കാത്തത്‌ അപമാനമാണ്.

ഭരണഘടനാവിരുദ്ധവും സുപ്രീംകോടതിവിധിയുടെ നഗ്നമായ ലംഘനവുമാണ് ശബരിമല മേൽശാന്തി വിഷയത്തിൽ നടക്കുന്നത്. കേരളമാകെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പദ്മകുമാർ, സിനിൽ മുണ്ടപ്പള്ളി, എ.എൻ.അനുരാഗ് കൊല്ലങ്കോട്, സംഗീതാ വിശ്വനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഉണ്ണിക്കൃഷ്ണൻ ചാലക്കുടി, നെടുമങ്ങാട് രാജേഷ്, പച്ചയിൽ സന്ദീപ് എന്നിവർ സംസാരിച്ചു.