കൊച്ചി: ലക്ഷദ്വീപിലെ മിനിക്കോയി, സുഹേലി, കടമത്ത് ദ്വീപുകളിൽ 806 കോടി രൂപയുടെ അത്യാഡംബര ജലസുഖവാസവസതി പദ്ധതി നടപ്പാക്കും. കടലിലേക്കിറങ്ങി നിൽക്കുന്നവയായിരിക്കുമിത്. ഇതിന് ലക്ഷദ്വീപു ഭരണകൂടം ആഗോളടെൻഡർ ക്ഷണിച്ചു. ലക്ഷദ്വീപിനെ പദ്ധതി ദോഷകരമായി ബാധിക്കുമെന്ന് കാണിച്ച് ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ലക്ഷദ്വീപ് ജനത.

പദ്ധതിക്ക് നീതി ആയോഗിന്റെ അനുമതി ലഭിച്ചതായി ദ്വീപ് ഭരണകൂടം വ്യക്തമാക്കി. മിനിക്കോയിയിൽ 150 ജലവസതികളാണ് 319 കോടി രൂപ ചെലവിൽ നിർമിക്കുക. സുഹേലിയിലും കടമത്തും 110 എണ്ണം വീതം 247, 240 കോടിരൂപ ചെലവിലും നിർമിക്കും. ദേശീയ സുസ്ഥിര തീരദേശ പരിപാലനകേന്ദ്രം, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, നീതി ആയോഗ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധസംഘം 2018 നവംബറിൽ ദ്വീപ് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയതായാണ് രേഖകൾ. ദേശീയ സമുദ്ര സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടാണ് (എൻ.ഐ.ഒ.ടി.) പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിന് തീരദേശമേഖല നിയന്ത്രണ അനുമതി ലഭിച്ചതായി ഭരണകൂടം വ്യക്തമാക്കി.

പദ്ധതിക്ക് കടമത്ത്, കവരത്തി (ആൾത്താമസമില്ലാത്തതിനാൽ സുഹേലി കവരത്തിക്ക് കീഴിലാണ്), മിനിക്കോയ് പഞ്ചായത്തുകളുടെ എതിർപ്പില്ലാരേഖ 2019 സെപ്റ്റംബറിൽ ലഭിച്ചു. ബാർ ലൈസൻസുകൾക്ക് അടക്കമാണിത്. പൊതു-സ്വകാര്യ പങ്കാളിത്ത മൂല്യനിർണയ കമ്മിറ്റിയുടെ അനുമതി കഴിഞ്ഞ മേയിലാണ് ലഭിച്ചത്.

ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ നിറഞ്ഞ ലഗൂണുകളെ നിർമാണം ബാധിക്കുമെന്നാണ് ദ്വീപുനിവാസികളും സമുദ്രഗവേഷകരും പറയുന്നത്.