തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയിൽ വഴിയോരത്ത്‌ മീൻ വില്പന നടത്തുന്ന സ്ത്രീയുടെ മീൻ പോലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന പോലീസ് റിപ്പോർട്ടിന്റെ നിജസ്ഥിതി പരിശോധിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മീൻപാത്രങ്ങൾ പോലീസ് തട്ടിയെറിഞ്ഞെന്ന റിപ്പോർട്ടും വീഡിയോയും കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ്‌ പോലീസ് റിപ്പോർട്ട്. കൃത്രിമമായി സൃഷ്ടിച്ച വാർത്ത പ്രാദേശിക ചാനൽ ആദ്യം പ്രചരിപ്പിച്ചു. പിന്നാലെ സാമൂഹികമാധ്യമങ്ങളിലും പ്രചരിപ്പിച്ചുവെന്നാണ് റിപ്പോർട്ടെന്നും സി.ആർ.മഹേഷിന്റെ സബ്മിഷനു അദ്ദേഹം മറുപടി നൽകി.

പാരിപ്പള്ളി മേഖല ഉൾപ്പെടുന്ന കല്ലുവാതുക്കൽ പഞ്ചായത്ത്, ഉയർന്ന രോഗസ്ഥിരീകരണനിരക്കിന്റെ അടിസ്ഥാനത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഉള്ള ഡി കാറ്റഗറിയിൽ ഉൾപ്പെട്ട മേഖലയായിരുന്നു. ഇവിടെ പൊതുസ്ഥലത്തെ മീൻകച്ചവടം പോലീസ് നിരോധിച്ചിരുന്നു. പാരിപ്പള്ളി-വർക്കല റോഡിലെ വഴിയോരത്ത്‌ മീൻകച്ചവടം നടത്തുന്നിടത്ത്‌ ജനം കൂട്ടം കൂടുന്നുവെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പലതവണ വിലക്കി. തുടർന്ന് വ്യാപാരം പാമ്പുറത്തേയ്ക്കു മാറ്റി. ഇവിടെയും പോലീസ് കച്ചവടം അനുവദിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.