കൊച്ചി: നയതന്ത്ര സ്വർണക്കടത്തുകേസിൽ വിചാരണയ്ക്കുള്ള ക്രിമിനൽ കംപ്ലെയിന്റിന്റെ കരട് റിപ്പോർട്ട് തയ്യാറായി. കസ്റ്റംസുമായി ബന്ധപ്പെട്ട നിയമവിദഗ്ധരുടെ സൂക്ഷ്മപരിശോധന നടക്കുകയാണിപ്പോൾ. നിലവിൽ 26 പ്രതികളാണുള്ളത്. വിചാരണയ്ക്കായി കേസ് കോടതിയിൽ എത്തിക്കുക പുതിയ പ്രിവന്റീവ് കമ്മിഷണറായിരിക്കും. സ്ഥാനമൊഴിഞ്ഞ കമ്മിഷണർ സുമിത് കുമാറിനുപകരം ജയ്‌പുർ ഡയറക്ടർ ജനറൽ ഓഫ് ജി.എസ്.ടി. ഇന്റലിജൻസിലെ രാജേന്ദ്രകുമാറാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവിലെ പുതിയ കമ്മിഷണർ. വിചാരണ തുടങ്ങാനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ് സുമിത്കുമാർ സ്ഥാനമൊഴിഞ്ഞത്.

വിചാരണനടപടികളിലേക്ക് കടക്കണമെങ്കിൽ പ്രതിപ്പട്ടിക, സാക്ഷിപ്പട്ടിക, തെളിവുകളുടെ വിവരങ്ങൾ എന്നിവയടങ്ങിയ ക്രിമിനൽ കംപ്ലെയിന്റ് റിപ്പോർട്ട് കസ്റ്റംസ് സമർപ്പിക്കണം. 53 പേർക്കാണ് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.