തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃകാപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രനീക്കം അത്യന്തം അപലപനീയമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ ആരോപിച്ചു.

കേരളത്തിനാവശ്യമായ തോതിൽ വാക്സിൻ നൽകുന്നതിന് അടിയന്തരനടപടി സ്വീകരിക്കണം. നൽകിയ വാക്സിൻ ഒരുതുള്ളിപോലും പാഴാക്കാതെ വിതരണം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ഇക്കാര്യം ബോധ്യമായിട്ടും വാക്സിൻ അനുവദിക്കുന്നതിൽ നിഷേധാത്മക നിലപാടാണ്. പരിശോധനയുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും നല്ലതായതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ടുചെയ്യുന്നത്.

പ്രധാനമന്ത്രിയോടും കേന്ദ്രസംഘത്തോടും 60 ലക്ഷം ഡോസ് വാക്സിൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ല. വസ്തുത ഇതായിരിക്കെയാണ് കോവിഡ് പ്രതിരോധം പാളിയെന്ന് വരുത്താൻ ദുഷ്‌ പ്രചാരണം അഴിച്ചുവിടുന്നതെന്ന് വിജയരാഘവൻ പറഞ്ഞു.