തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു വിധേയയായി പശ്ചിമബംഗാളിൽനിന്ന് പലായനംചെയ്ത് കോഴിക്കോട്ടെത്തിയ 10 വയസ്സുകാരിയുടെ കേസിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ടു. കേസ് വിചാരണ കോടതിയിൽ ഉറപ്പാക്കാൻ നടപടിയാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ പശ്ചിമ ബംഗാൾ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും പശ്ചിമ ബംഗാൾ സംസ്ഥാന ബാലാവകാശ കമ്മിഷനും കത്തുനൽകി.

ബന്ധുവിന്റെയും സുഹൃത്തുക്കളുടെയും ലൈംഗികപീഡനത്തെ തുടർന്നാണ് 10 വയസ്സുകാരിയും അമ്മയും നാടുവിട്ട് കോഴിക്കോട്ടെത്തിയത്. ലൈംഗിക പീഡനത്തെക്കുറിച്ചു പരാതിനൽകിയ കാരണത്താൽ ജീവനു ഭീഷണിയുണ്ട്. ഇതിനാൽ നാട്ടിലേക്കു തിരിച്ചുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. കേരളത്തിൽ താമസിക്കുന്ന കാലത്തോളം കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു.